കൊച്ചി: വധഗൂഢാലോചനാ കേസിലുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളിലെ ഡേറ്റ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ഫോണുകളെത്തിയ മുംബൈ ലാബില്‍ പരിശോധന നടത്തിയ അന്വേഷണ സംഘമാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.
ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്കിലേക്ക് ലാബില്‍ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും അടക്കം ആറു ഫോണുകളാണ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് മനപൂര്‍വം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഹര്‍ജി തള്ളികഴിഞ്ഞ ജനുവരി 29 നായിരുന്നു ഈ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ദിലീപിന്റെ അഭിഭാഷകന് മുഖേനയാണ് ഫോണുകള്‍ കൊണ്ടുപോയത്.