അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കേണ്ടത് അഭിനേതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. നിർമ്മിക്കുന്ന സിനിമകളിൽ ഇത്തരത്തിലൊരു കാരാർ വയ്ക്കാറുണ്ടെന്നും, അത് പാലിക്കപ്പെടാത്ത പക്ഷം താൻ അവർക്കൊപ്പം സഹകരിക്കുന്ന അവസാന സിനിമയായിരിക്കുമതെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
‘പലരെക്കുറിച്ചും ഇതേപോലുള്ള അഭിപ്രായങ്ങൾ ആളുകൾ പറഞ്ഞ് കേൾക്കാറുണ്ട്. കാസ്റ്റിംഗ് ചെയ്യുമ്പോൾ ഇതുകൂടെ മനസിൽ വെച്ച് ചിന്തിക്കും. ചിലപ്പോഴൊക്കെ വേറെ അഭിനേതാവിനെ ആ കഥാപാത്രത്തിലേയ്ക്ക് പരിഗണിക്കാനാകാത്തതുകൊണ്ടാണ്, കഴിയുമെങ്കിൽ ആ തലവേദന ഒഴിവാക്കാനാണ് ശ്രമിക്കുക… ദിലീഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മൂഡ് സ്വിങ്സ് ഉള്ള ആളുകൾ ഉണ്ട്. ചിലയാളുകൾ പത്ത് ദിവസം അഭിനയിക്കാൻ വരുന്നതിൽ നമുക്കറിയാം ഒന്നോ രണ്ടോ ദിവസം മോശം മാനസികാവസ്ഥയിൽ നഷ്ടപ്പെട്ട് പോയേക്കാം. അഭിനേതാക്കൾ പൂർണ്ണ സംതൃപ്തിയോടെ വന്നില്ലെങ്കിൽ ഇതുകൊണ്ട് കാര്യമില്ല,’ ദിലീഷ് പോത്തൻ പറഞ്ഞു.
രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമാകുന്ന ‘ഓ ബേബി’യുടെ പ്രൊമോഷൻ പരിപാടികളിലാണ് താരം ഇപ്പോൾ. രഘുനാഥ് പലേരി, ഹാനിയ നസീഫ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. അരുൺ ചാലിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാംബിനോ .