ദില്ലി: ദില്ലിയില്‍ വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി. മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്ക നിരോധനമേർപ്പെടുത്തിയ ദില്ലി സർക്കാർ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമർശിച്ചു. കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വളരെ മോശം അവസ്ഥയില്‍ നിന്ന് വായുഗുണനിലവാരം മെച്ചപ്പെട്ട് 300 ന് താഴെയെത്തിയിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങള്‍ തീയിടുന്നത് കൂടിയതും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്.
വരും ദിവസങ്ങളില്‍ വായുഗുണനിലവാരതോത് നാനൂറിനും മുകളില്‍ ഗുരുതര അവസ്ഥയിലെത്തുമെന്നാണ് വിലയിരുത്തല്‍. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളില്‍ ഇതിനോടകം 350 നും മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ദില്ലി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ക്യാംപയിൻ തുടങ്ങി.
മലിനീകരണ തോത് ഏറ്റവും രൂക്ഷമായ 13 ഹോട്സ്പോട്ടുകളില്‍ ഡ്രോണ്‍ നിരീക്ഷണം ഉടൻ തുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ദില്ലിയിലെ പൊളിഞ്ഞ റോഡുകളില്‍ നിന്നുയരുന്ന പൊടിയും പഞ്ചാബ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ തീയിടുന്നതുമൂലമുണ്ടാകുന്ന പുകയുമാണ് ദില്ലിയിലെ മലിനീകരണ തോത് ഇത്രയും രൂക്ഷമാക്കിയതെന്നാണ് ബിജെപി വാദം. ഇത് പരിഹരിക്കാൻ നടപടിയെടുക്കാതെ ദീപാവലിക്ക് പടക്ക നിരോധനമേർപ്പെടുത്തിയ നടപടിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ദില്ലി മന്ത്രി ഗോപാല്‍ റായുടെ ഹിന്ദുവിരോധമാണ് നടപടിക്ക് കാരണമെന്നും ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ വിമർശിച്ചു.
മലിനീകരണത്തില്‍ ദില്ലി സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിനായി യമുനയില്‍ മുങ്ങിയ വീരേന്ദ്ര സച്ദേവയെ കഴിഞ്ഞ ദിവസം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായി ദില്ലിയില്‍ പടക്കം നിരോധിച്ചു. എല്ലാത്തരം പടക്കങ്ങളുടെയും നിര്‍മ്മാണം, സംഭരണം, വില്‍പന എന്നിവയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി ദില്ലി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കി. തലസ്ഥാനത്ത് വായു മലിനീകരണം കൂടുന്ന സാഹചര്യത്തിലാണ് 2025 ജനുവരി ഒന്ന് വരെ പടക്കനിരോധനം ഏര്‍പ്പെടുത്തിയത്.