ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്കുളള കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിർത്തിയായ ശംഭുവില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. ഇതോടെ അതിർത്തിയില്‍ സംഘർഷമുണ്ടാകുകയും ചെയ്തു. പ്രതിഷേധിച്ച കർഷകർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതോടെ കർഷകർ മാർച്ച് അവസാനിപ്പിച്ചു.
പ്രതിഷേധത്തില്‍ പത്ത് കർഷകർക്ക് പരിക്കേറ്റു. ഇന്ന് 12 മണിക്ക് ആരംഭിച്ച മാർച്ച് രണ്ട് സ്ഥലങ്ങളില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. 101 കർഷകരാണ് മാർച്ച് നടത്തിയത്. ഡല്‍ഹിയിലേക്ക് പോകണമെങ്കില്‍ അനുമതി ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രശ്ന പരിഹാരത്തിനായി യോഗം വിളിക്കാൻ നിർദ്ദേശമുണ്ട്. 18നാണ് യോഗം. അതുവരെ നിയമങ്ങള്‍ പാലിക്കണമെന്നും അംബാല എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഡല്‍ഹിയിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രാജ്യതലസ്ഥാനത്ത് പോയി പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. കർഷക ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും കർഷകരുടെ പ്രതിനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശംഭു അതിർത്തിയില്‍ വച്ച് കോണ്‍ഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പുനിയ കർഷകർക്കൊപ്പം ചേർന്നിരുന്നു. ‘കർഷകരെ തടയുന്നില്ലെന്ന് സർക്കാർ ഒരു വശത്ത് പറയുന്നു. മറുവശത്ത് അവർ കണ്ണീർവാതകം പ്രയോഗിക്കുന്നു. പാകിസ്ഥാൻ അതിർത്തിയില്‍ കൈകാര്യം ചെയ്യുന്നതുപോലെയാണ് പൊലീസിന്റെ പ്രവൃത്തി. പ്രതിഷേധിക്കാൻ നേതാക്കള്‍ ഡല്‍ഹിയില്‍ പോകുമ്പോള്‍ അനുമതി വാങ്ങാറുണ്ടോ?’- അദ്ദേഹം ചോദിച്ചു.
മൂന്നാമത്തെ തവണയാണ് കർഷകർ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഡിസംബർ ആറിനും എട്ടിനും മാർച്ച് സംഘടിപ്പിച്ചിരുന്നു. സുരക്ഷയെ തുടർന്ന് ഹരിയാന പൊലീസ് മാർച്ച് മുന്നോട്ട് നീങ്ങാൻ അനുവദിച്ചില്ല.