കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കള്‍ എല്ലാം വലിയ തുകയാണ് പ്രതിഫലമായി ചോദിക്കുന്നതെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. നിവൃത്തിക്കേട് കൊണ്ടാണ് ഇക്കാര്യം പൊതുവേദിയില്‍ തുറന്നു പറയുന്നതെന്നും വായില്‍ തോന്നിയ തരത്തില്‍ പ്രതിഫലം ചോദിക്കുന്നവര്‍ ഇനി വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും സുരേഷ് കുമാര്‍ താക്കീത് നല്കി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയില്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഭവം നടന്ന രാത്രിയില്‍ എന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നാദിര്‍ഷയുടെ എല്ലാ സിനിമകളും ഹിറ്റാണ്. അതുപോലെ തന്നെ ഈ ചിത്രം വലിയ ഹിറ്റാകട്ടെ. ഒരു കാര്യം നിര്‍മ്മാതാവ് എന്ന നിലയില്‍ പറയാനുണ്ട്. ഇന്ന് സിനിമയുട ചിലവ് വല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തരത്തിലാണ് താരങ്ങള്‍ എല്ലാം ഇന്ന് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റാവുന്ന രീതിയില്‍ മലയാള സിനിമ വളര്‍ന്നിട്ടില്ല. അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരിക’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വായില്‍ തോന്നിയ തരത്തില്‍ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടായിരിക്കും ഇനി സിനിമ എടുക്കാന്‍ പോകുന്നത്. ഇത്ര ബഡ്ജറ്റില്‍ കൂടുതല്‍ ഇല്ലാത്തവരെ ഇനി ഒഴിവാക്കും. ഉടനെ തന്നെ അത് നടപ്പാക്കും. ഇതൊരു മുന്നറിയിപ്പായി പറയുന്നതാണ്. ചോദിക്കുന്നത് ന്യായമായിട്ടാവണം, അന്യായമായിട്ട് ചോദിക്കരുത്. നിര്‍മ്മാതാവ് മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. അതെല്ലാവരും മനസ്സിലാക്കണം. ഒരു നടനെയും ഇവിടെ ആര്‍ക്കും ആവശ്യമില്ല. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. ഇനി പ്രതിഫലം കൂട്ടിചോദിക്കുന്ന നടന്മാരെല്ലാം ചുമ്മാ വീട്ടിലിരിക്കത്തെയുള്ളൂ’- എന്ന് സുരേഷ് കുമാര്‍ പറഞ്ഞു.