ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപനി സ്ഥിരീകരിച്ചു. തകഴി പഞ്ചായത്തിലാണ് ആദ്യം രോഗം കണ്ടെത്തിയത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്.
വായുവിലൂടെയാണ് രോഗം പടരുക. എന്നാല്‍ . മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്. പതിനൊന്ന് പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈവര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു. പക്ഷിപനി സ്ഥിരീകരിച്ചിരിക്കുന്നതോടെ ക്രിസ്മസ് വിപണി നഷ്ടമായെന്ന് കര്‍ഷകര്‍ പറഞ്ഞു.