ഡി.ജെ മ്യൂസിക്കിന് നിരോധനം; ബൈക്കുകളും തുറന്ന വാഹനങ്ങളും വേണ്ട: നാദാപുരത്ത് ജൂണ്‍ 4ന് കര്‍ശന നിയന്ത്രണങ്ങള്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ജൂണ്‍ നാലിന് നാദാപുരം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഡിവൈ.എസ്.പിയുടെ ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ജൂണ്‍ നാലിന് വൈകിട്ട് ആറിന് മുന്‍പായി ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കും. അതേസമയം ദേശീയ തലത്തില്‍ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം അഞ്ചാം തീയതി വൈകീട്ട് ആറുവരെ ക്രമീകരിച്ചിട്ടുണ്ട്. ഡി.ജെ മ്യൂസിക്, ബൈക്കുകള്‍, തുറന്ന വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല, പ്രകടനങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടാവണം, പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല എന്നിവയാണ് യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍.

Advertisements

ആഹ്ലാദ പ്രകടനം നടത്തുന്ന സമയം, സ്ഥലം, നേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി അതാത് പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകോപനപരമായതോ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലോ ഉള്ള പോസ്റ്റുകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടി ഓഫീസുകള്‍, വീടുകള്‍, വ്യക്തികള്‍ എന്നിവക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിക്കരുതെന്നും പൊലീസ് അറിയിച്ചു.
ഡിവൈ.എസ്.പി പി.എല്‍ ഷൈജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.പി കുഞ്ഞികൃഷ്ണന്‍, പി.കെ ദാമു, ബംഗ്ലത്ത് മുഹമ്മദ്, എം.ടി ബാലന്‍, എന്‍.കെ മൂസ, കെ.ടി.കെ ചന്ദ്രന്‍, പി.എം നാണു, കരിമ്ബില്‍ ദിവാകരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Hot Topics

Related Articles