ചെന്നൈ : സനാതനധർമം പരാമർശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസവിധി. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധിയ്ക്കും മറ്റ് രണ്ട് ഡി.എം.കെ. ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഹർജി. ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമർശം നടത്തിയത്.
സനാതനധർമം മലേറിയയും ഡെങ്കിയും പോലെ നിർമാർജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖർ, പരാമർശത്തെ പിന്താങ്ങിയ ഡി.എം.കെ. എം.പി. എ. രാജ എന്നിവർക്കെതിരെയായിരുന്നു ഹർജി. അതേസമയം സനാതനധർമത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയ ഉദയനിധി സ്റ്റാലിൻ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിമർശനം ഉന്നയിച്ചത്. തമിഴ്നാടിന് പുറമെ ഉത്തർപ്രദേശ്, കശ്മീർ, മഹാരാഷ്ട്ര, ബിഹാർ, കർണാടകം എന്നിവിടങ്ങളിലും ഉദയനിധിയുടെപേരില്‍ കേസുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു. എന്നാല്‍, ഒരേ കേസില്‍ ആറ് സംസ്ഥാനങ്ങളിലെ കോടതിയില്‍ പോകേണ്ടിവരുന്നത് വിചാരണയില്ലാതെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഉദയനിധിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഘ്വി പറഞ്ഞത്. ഉദയനിധിയുടെ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.