തൃശൂര്‍ : തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷാള്‍ അണിയിച്ചാണ് ഡോ. ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ റോള്‍ മോഡലാക്കാനോ ഉപദേശം ചോദിക്കാനോ മറ്റൊരു സ്ത്രീ പോലും തിയറ്റർ ബിസിനസില്‍ ഇല്ലാതിരുന്ന കാലത്താണ് ഗിരിജ തിയറ്റർ നവീകരിച്ച് ഫാമിലി തിയറ്റർ ആക്കാൻ അവർ തീരുമാനിച്ചതും, അത് നടപ്പാക്കിയതും. സ്റ്റേഡിയം സിറ്റിങ്, റിക്ലൈനർ സീറ്റ് തുടങ്ങിയവ തൃശൂരില്‍ ആദ്യമായി വന്നത് ഡോക്ടർ ഗിരിജ പുതുക്കിയെടുത്ത ഗിരിജ തിയറ്ററിലാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, എന്നിവരുമായും വിതരണക്കാരുമായി നേരിട്ട് ബന്ധപ്പെട്ടാണ് പല സിനിമകളും തിയറ്ററില്‍ എത്തിച്ച് പ്രതിസന്ധിയിലായിരുന്ന ഗിരിജാ തിയറ്ററിനെ രക്ഷിച്ചെടുത്തത്. സുരേഷ് ഗോപിയും തന്റെ സിനിമകള്‍ വിട്ടുനില്‍കി ഗിരിജയെ ഏറെ സഹായിച്ചിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തിയറ്ററില്‍ സുരേഷ് ഗോപിയുടെ ‘ഗരുഡന്’ എന്ന സിനിമയുടെ പ്രത്യേക ഷോ ഡോ.ഗിരിജ നടത്തിയിരുന്നു. അത് വന്‍വിജയവുമായി. സ്വന്തം തിയേറ്ററില്‍ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനോ ബുക്കിങ്ങിനോ വേണ്ടി ഡോ. ഗിരിജ സാമൂഹികമാധ്യമത്തില്‍ ഇടുന്ന പോസ്റ്റുകളെല്ലാം അസഭ്യവർഷവും പൂട്ടിക്കലും നേരിട്ടതോടെയാണ് തിയേറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.
സൈബർ ആക്രമണവും സാമൂഹികമാധ്യമ അക്കൗണ്ട് പൂട്ടിക്കലും വഴി തിയേറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായി നിരവധി സ്ത്രീകള്‍ എത്തിയിരുന്നു.