കോട്ടയം: ഈ മാസം സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്കുള്ള യാത്രയയപ്പ് വേദിയായി ജില്ലാ ആസൂത്രണസമിതിയുടെ പുതിയ മന്ദിരത്തിലെ പ്രഥമയോഗം. ജില്ലാ ആസൂത്രണസമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയാണ് ജില്ലാ കളക്ടർ.
മേയ് 21നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി അധ്യക്ഷയുമായ കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പുതിയ കോൺഫറൻസ് ഹാളിൽ ചേർന്ന ആസൂത്രണസമിതി യോഗമാണ് ജില്ലാ കളക്ടർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഏറ്റവും ജനകീയയായ കളക്ടർ ആയിട്ടായിരിക്കും ഡോ. പി.കെ. ജയശ്രീ ഓർമിക്കപ്പെടുക എന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരം പൂർത്തിയാക്കുന്നതിൽ ഡോ. പി.കെ. ജയശ്രീ നിർണായക പങ്കുവഹിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ജില്ലാ ആസൂത്രണസമിതിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഉപഹാരം ഡോ.പി.കെ. ജയശ്രീക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാർ, മഞ്ജു സുജിത്ത്, ജെസി ഷാജൻ, പി.ആർ. അനുപമ, സുധാ കുര്യൻ, ഹേമലത പ്രേംസാഗർ, രാജേഷ് വാളിപ്ലാക്കൽ, കൃഷ്ണകുമാരി രാജശേഖരൻ, ഇ.എസ്. ബിജു, കെ. രാജേഷ്, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി ബൈജു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ ജില്ലാ കളക്ടർക്ക് ആശംസകളർപ്പിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യഷന്മാരും ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മറുപടി പ്രസംഗം നിർവഹിച്ചു. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണത്തിൽ പങ്കാളികളായ കരാറുകാരെയും ഉദ്യോഗസ്ഥരെയും യോഗത്തിൽ ആദരിച്ചു. കോട്ടയം എൽ.എസ്.ജി.ഡി. എൻജിനീയറിംഗ് വിഭാഗം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങൾ, ജില്ലാ നിർമിതികേന്ദ്രം, കരാറുകാരായ ഓവേലിൽ കൺസ്ട്രക്ഷൻസ്, ഇലവത്തിൽ കൺസ്ട്രക്ഷൻസ്, എ.വൈ. അസോസിയേറ്റ്സ്, ആവലോൺ സിസ്റ്റംസ് എന്നിവർക്കുള്ള ഉപഹാരങ്ങളും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ കൈമാറി.