അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. ഒടിടിയിലും മികച്ച പ്രതികരണമാണ് സിനിമ നേടുന്നത്.
ഗംഭീര തിരക്കഥയാണ് സിനിമയുടേതെന്നും പ്രദീപ് നായകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിലെ ക്ലൈമാക്സിലെ പ്രദീപും അച്ഛനും തമ്മിലുള്ള ഇമോഷണൽ രംഗങ്ങൾക്കും പ്രേക്ഷകരിൽ നിന്നും നല്ല റെസ്പോൺസ് ലഭിക്കുന്നുണ്ട്. തിയേറ്ററിലേത് പോലെ ഒടിടിയിലും ചിത്രം നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. മലയാളീ പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയാണ് ഡ്രാഗൺ. അജിത് സിനിമയായ വിടാമുയർച്ചിയെ മറികടന്നാണ് ഡ്രാഗൺ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്. എന്നാൽ വിടാമുയർച്ചിയ്ക്ക് 136.41 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്.
കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു – ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.