തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസില്‍ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.
വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസൻസ് നല്‍കില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയില്‍ പകര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ലൈസൻസ് കൊടുക്കുന്ന നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ ഗള്‍ഫില്‍ പോയി ലൈസൻസ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാല്‍ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. പലര്‍ക്കും ലൈസൻസുണ്ട്. പക്ഷേ ഓടിക്കാനോ പാര്‍ക്ക് ചെയ്യാനോ പലര്‍ക്കും അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാല്‍ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍കരോട് പറഞ്ഞു.