മാനന്തവാടി: മകന്റെ കടയില്‍ കൂട്ടാളികളുമായി എത്തി കഞ്ചാവ് ഒളിപ്പിച്ച സംഭവത്തില്‍ പിതാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയും കടയടുമയുടെ പിതാവുമായ മാനന്തവാടി ചെറ്റപ്പാലം വേമം പുത്തന്‍തറവീട്ടില്‍ അബൂബക്കര്‍ (67) ആണ് അറസ്റ്റിലായത്. മകനോടുള്ള വൈരാഗ്യം കാരണം മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതി കര്‍ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് മകന് നൗഫല്‍ പള്ളിയില്‍ പോയ സമയം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഔത എന്ന് വിളിക്കുന്ന ഔത, ജിന്‍സ് വര്‍ഗീസ് എന്നിവരുടെ സഹായത്തോടെ കടയില്‍ ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു അബൂബക്കര്‍. കല്‍പ്പറ്റ എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവ ദിവസം കടയുടെ ഉടമസ്ഥനായ മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറവീട്ടില്‍ പി.എ. നൗഫല്‍ എന്നയാളെ 2.095 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസ് എടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നൗഫല്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് കഞ്ചാവ് കടയില്‍ വെച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലാകുന്നത്. നൗഫലിനോട് കുടുംബപരമായ പ്രശ്നങ്ങളില്‍ വൈരാഗ്യമുള്ളതിനാല്‍ കഞ്ചാവ് കേസില്‍പ്പെടുത്തി ജയിലിലാക്കുക എന്നതായിരുന്നു അബൂബക്കറിന്റെ ലക്ഷ്യം.