കാസര്‍കോട്: നാടിന്റെ ശാപമായി മാറിയ ലഹരി കടത്തു കേസുകളില്‍ അകപ്പെട്ടാല്‍ വിവാഹത്തിന് മഹല്ലുകളിലേക്ക് കത്ത് നല്‍കില്ലെന്ന് കാഞ്ഞങ്ങാട് പടന്നക്കാട് മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇത്തരക്കാരെ സസ്‌പെന്‍ഡ് ചെയ്യും.
മരിച്ചാല്‍ കബറടക്കത്തിനു ശേഷമുള്ള ചടങ്ങുകളുമായി സഹകരിക്കില്ല. മയക്കുമരുന്ന് കടത്തുകേസില്‍ കൂടുതലായും പ്രതികളാകുന്നത് അവിവാഹിതരായ യുവാക്കളാണ്. മുഹ്‌യുദ്ദീന്‍ ജമാഅത്ത് മാതൃക പിന്തുടര്‍ന്ന് ഒഴിഞ്ഞവളപ്പിലെയും ഞാണിക്കടവിലെയും പള്ളി കമ്മിറ്റികളും ഈ നടപടിയിലേക്ക് നീങ്ങുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പടന്നക്കാട് ജമാഅത്തിന്റെ കീഴിലുള്ള 560 കുടുംബങ്ങളും തീരുമാനം സ്വാഗതംചെയ്തു. കല്യാണം കഴിക്കാന്‍ ജമാഅത്തിന്റെ ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് മഹല്ലുകളില്‍ നല്‍കണം. ഇല്ലെങ്കില്‍ മണവാട്ടിയെ കിട്ടില്ല. വിവാഹത്തിന് മഹല്ലിലെ ആരും സഹകരിക്കില്ല. ഈയൊരു ഭയം കാരണം ലഹരി വഴികളില്‍ നിന്ന് കുട്ടികള്‍ വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. അംഗത്വത്തില്‍ നിന്ന് പുറത്താക്കിയാല്‍ ‘നല്ല നടപ്പ്’ കഴിഞ്ഞു ഹര്‍ജി നല്‍കിയാല്‍ മാപ്പ് നല്‍കി തിരിച്ചെടുക്കാനും അവസരമുണ്ട്. രണ്ടുപേരെ ഈ നിലയില്‍ തിരിച്ചെടുത്തിട്ടുണ്ട്.
2018 ല്‍ എടുത്ത തീരുമാനമാണെങ്കിലും നിബന്ധന കൂടുതല്‍ കര്‍ശനമാക്കിയത് ഇപ്പോഴാണ്. അടുത്തിടെ നാലു പേരെ ലഹരി കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും മഹല്ല് പരിധിയിലെ 10 പേര്‍ പുതുതായി കേസില്‍ അകപ്പെടുകയും ചെയ്തതോടെയാണ് നിബന്ധനകള്‍ കടുപ്പിച്ചത്. ലഹരി കേസില്‍ അകപ്പെട്ട 10 പേരെ മഹല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എ.എം. കുഞ്ഞാമ്മദ് ഹാജി പ്രസിഡന്റും സി.എം അബൂബക്കര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.