തിരുവനന്തപുരം : കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരന്‍ (59) എന്നയാള്‍ അറസ്റ്റിലായി. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ എം.കെ.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അരുണ്‍, സിനുലാല്‍, സിവില്‍ എക്സൈസ് ഓഫീസർമാരായ അനു ,പ്രവീണ്‍, വനിത സിവില്‍ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.
പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃത വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 59 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്സൈസ് പിടികൂടി. പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബി.ശ്രീജിത്തും സംഘവും ഒപ്പം എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം കണ്ടെടുത്തത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ഗോകുലകുമാരൻ.പി.പി, സിവില്‍ എക്സൈസ് ഓഫീസർമാരായ രാജേഷ്.എസ്, ഷിജു.ജി, വനിതാ സിവില്‍ എക്സൈസ് ഓഫീസർമാരായ സംഗീത.കെ.സി, രെഞ്ചു.കെ.ആർ എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം തെറ്റിവിളയില്‍ 15 ലിറ്റർ ചാരായവുമായി മനോഹരൻ (മനു) എന്നയാള്‍ പിടിയിലായി.തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, പ്രബോധ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ഷൈനി, ഡ്രൈവർ ശ്യാം കുമാർ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.