ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളിക്ക് അഞ്ച് ലക്ഷം ദിർഹം (ഏകദേശം ഒരു കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പിൽ അബ്ദുറഹ്മാനാണ് അർഹിച്ച നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
നിറുത്തിയിട്ട വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന അബ്ദുറഹ്മാനെ അശ്രദ്ധമായി വാഹനമോടിച്ചയാൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാൻ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ചികിത്സയ്ക്കായി വലിയ തുക ചിലവായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയ കോടതി നേരത്തെ 3000 ദിർഹം പിഴയീടാക്കി ഇയാളെ വിട്ടയച്ചു. എന്നാൽ ചികിത്സയ്ക്കായി ചിലവഴിച്ച തുക പോലും നഷ്ടപരിഹാരമായി ലഭിക്കാതിരുന്നതോടെ അബ്ദു റഹ്മാൻ കോടതിയെ സമീപിക്കുകയായിരുന്നു. പ്രവാസിയുടെ വാദങ്ങൾ അംഗീകരിച്ച ദുബായ് കോടതി അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. നഷ്ടപരിഹാര തുക കോടതി അബ്ദുറഹ്മാന് കൈമാറി.