ദുബായ്: ഫോം നഷ്ടത്തിൽ ഉഴറിയ കിംങ് കോഹ്ലിയുടെ മടങ്ങി വരവ് കണ്ട മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. പാരമ്പര്യവും യുവത്വവും സമാസമം സമ്മേളിച്ച മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ നിർഭയമായ ഇന്നിംങ്സാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. രോഹുലും, കോഹ്ലിയും ട്വന്റി 20 യിൽ ഏകദിനം കളിച്ചപ്പോഴാണ് അഗ്നിശോഭയോടെ സ്കൈ നിറഞ്ഞാടിയത്. ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയതെങ്കിലും അര സെഞ്ച്വറിയോടെ കോഹ്ലി കളം നിറഞ്ഞു കളിച്ചത് ഇന്ത്യൻ ആരാധകർക്ക് അശ്വാസമായി. അവസാന ഓവറിൽ മാത്രം സൂര്യ നേടിയത് 26 റണ്ണാണ്.
പത്ത് ഓവറിൽ 70 മാത്രമുണ്ടായിരുന്ന ഇന്ത്യൻ സ്കോറിനെ അതിവേഗം ഗതി നിർണ്ണയിച്ച് അതിവേഗം ബഹുദൂരം എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഴുവൻ സൂര്യകുമാർ യാദവിന് മാത്രം അവകാശപ്പെട്ടതാണ്. ഓപ്പണറായി ഇറങ്ങിയ കെ.എൽ രാഹുലും, രോഹിത്തും ഇന്ത്യയ്ക്ക് പതിഞ്ഞ തുടക്കമാണ് നൽകിയത്. മെല്ലെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റനിരയുടെ ബാറ്റിംങ്. 4.5 ഓവറിൽ രോഹിത് പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് ആകെയുണ്ടായിരുന്നത് 38 റൺ മാത്രമായിരുന്നു. പിന്നീട്, രാഹുലിന് കൂട്ടായി കോഹ്ലിയെത്തിയെങ്കകിലും സ്കോർ ഇഴഞ്ഞു തന്നെയാണ് നീങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പന്ത്രണ്ടാം ഓവർ പൂർത്തിയാക്കി രാഹുൽ മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് നൂറു പോലും കടക്കാനായിരുന്നില്ല. പിന്നീടാണ് സൂര്യകുമാർ യാദവ് എത്തുന്നത്. സൂര്യ നേരിട്ട ആദ്യ രണ്ടു പന്തുകളും സൂര്യ ബൗണ്ടറി കടത്തി. പിന്നാലെ, കോഹ്ലിയും പതിയെ താളം കണ്ടെത്തി. അവസാന ഓവറിലേയ്ക്കു കളി കടന്നതോടെ സ്കൈ പന്തിനെ ആകാശം മുട്ടിച്ചത്. ഹാരൂൺ അഷറഫിന്റെ 19 ആം ഓവറിൽ 26 റണ്ണാണ് സൂര്യകുമാർ യാദവ് അടിച്ചു കൂട്ടിയത്. ആദ്യ മൂന്നു പന്തുകളും സിക്സടിച്ചു കളിച്ച സൂര്യയെ നാലാം പന്തിൽ ബൗൺസറിൽ കുടുക്കി ഹാരൂൺ. എന്നാൽ, തൊട്ടടുത്ത പന്ത് വീണ്ടും സിക്സടിച്ച സൂര്യ അവസാന പന്തിൽ ടൈമിംങ് പിഴച്ചെങ്കിലും രണ്ട് ഓടിയെടുത്തു. ഇതോടെ 26 പന്തിൽ ആറു വീതം സിക്സും ഫോറും പറത്തിയ സൂര്യ 68 റൺ അടിച്ചെടുത്തു. 44 പന്തിൽ 59 റണ്ണെടുത്ത കോഹ്ലി മൂന്നു സിക്സും, ഒരു ഫോറും നേടി. 39 പന്തിൽ രണ്ടു സിക്സ് സഹിതം 36 റണ്ണാണ് രാഹുൽ നേടിയത്. 13 പന്തിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം രോഹിത് 21 റണ്ണെടുത്തു.
സ്കോർ ഇന്ത്യ – 20 ഓവറിൽ രണ്ടിന് 192