ബംഗളൂരു : ദുലീപ് ട്രോഫി കിരീടം ദക്ഷിണ മേഖലയ്ക്ക്. ഫൈനലില്‍ പശ്ചിമ മേഖലയെ പരാജയപ്പെടുത്തിയാണ് ദക്ഷിണ മേഖല കിരീടം സ്വന്തമാക്കിയത്. രണ്ടിന്നിങ്സിലും 250ല്‍ താഴെ മാത്രം റണ്‍സെടുത്തിട്ടും മികച്ച ബാറ്റര്‍മാരുള്ള പശ്ചിമ മേഖലയെ എറിഞ്ഞിട്ടാണ് ദക്ഷിണ മേഖല 75 റണ്‍സിന്റെ വിജയം പിടിച്ചത്.
ദക്ഷിണ മേഖല ഒന്നാം ഇന്നിങ്സില്‍ 213 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 230 റണ്‍സുമാണ് കണ്ടെത്തിയത്. പശ്ചിമ മേഖലയുടെ ഒന്നാം ഇന്നിങ്സ് 146 റണ്‍സില്‍ ഒതുക്കി ദക്ഷിണ മേഖല 67 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. 298 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ബാറ്റ് വീശിയ പശ്ചിമ മേഖലയുടെ പോരാട്ടം 222 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണ മേഖല വിജയവും കിരീടവും സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശ്ചിമ മേഖലയുടെ രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സെടുത്ത ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാല്‍ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. സര്‍ഫറാസ് ഖാന് 48 റണ്‍സ് കണ്ടെത്തി. ചേതേശ്വര്‍ പൂജാര, ധര്‍മേന്ദ്രസിന്‍ഹ് ജഡേജ എന്നിവര്‍ 15 വീതം റണ്‍സെടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. സൂര്യകുമാര്‍ യാദവ് നാല് റണ്‍സില്‍ പുറത്തായി.
ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണ മേഖലയുടെ വിദ്വത് കവേരപ്പ ദക്ഷിണ മേഖലയ്ക്കായി തിളങ്ങി. താരം രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ആകെ എട്ട് വിക്കറ്റുകള്‍ പിഴുത താരത്തിന്റെ ബൗളിങാണ് ദക്ഷിണ മേഖലയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. പരമ്പരയലുടനീളം മികവ് പുലര്‍ത്തിയ കവേരപ്പ 15 വിക്കറ്റുകള്‍ നേടി മാന്‍ ഓഫ് ദി സീരീസായി.