കായംകുളം: നവകേരള സദസ്സിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് തെക്കേ മങ്കുഴി പാപ്പാടിയില്‍ അനൂപ് വിശ്വനാഥനെ(30)യാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഇയാള്‍ കായംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മര്‍ദനമേറ്റത്. ഇരുകാലുകളും തളര്‍ന്നുപോയതിനാല്‍ നിരങ്ങിനീങ്ങാനേ അജിമോനു കഴിയൂ. ഡിസംബര്‍ 16 -നു കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനു സമീപത്തെ കോണ്‍ഗ്രസ് ഭവനുമുന്നില്‍വെച്ചാണ് അജിമോൻ കരിങ്കൊടി കാണിച്ചത്. പോലീസ് നീക്കുന്നതിനിടെ നവകേരള സദസ്സ് വൊളന്റിയര്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ അനൂപ് മര്‍ദിക്കുകയായിരുന്നു.സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍പ്പോയി. ഹൈക്കോടതിയില്‍ മുൻകൂര്‍ജാമ്യത്തിനു ശ്രമിച്ചെങ്കിലും കീഴടങ്ങാൻ നിര്‍ദേശിക്കുകയായിരുന്നു. അറസ്റ്റിനുശേഷം കോടതിയില്‍ ഹാജരാക്കിയ അനൂപിനു ജാമ്യമനുവദിച്ചു.