ലൈംഗികാതിക്രമ കേസ്; സിപിഎം നേതാവായ അഭിഭാഷകനെ രക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് പരാതിക്കാരി

കൊല്ലം : ലൈംഗികാതിക്രമ കേസില്‍ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ്ഖാന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ അഭിഭാഷക. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും അറസ്റ്റിലേക്ക് കടക്കാത്തത് പ്രതിക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണോ എന്ന് സംശയിക്കുന്നതായി യുവതി പറഞ്ഞു. തെളിവെടുപ്പിനിടെ തനിക്കൊപ്പമെത്തിയ പൊതു പ്രവർത്തകരെ പ്രതിയുടെ മകന്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും അഭിഭാഷക ആരോപിച്ചു. ഇക്കഴിഞ്ഞ പതിനാലാം തിയതിലാണ് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവ അഭിഭാഷകയും സുഹൃത്തും ഇ.ഷാനവാസ് ഖാന്‍റെ ഓഫീസില്‍ എത്തി മടങ്ങിയത്. പിന്നീട് ഷാനവാസ്ഖാന്‍ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

Advertisements

അഭിഭാഷകയുടെ പരാതിയില്‍ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. എന്നാല്‍, ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തിട്ടും സിപിഎം നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍റെ അറസ്റ്റ് വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തരെ പൊലീസിന്‍റെ മുന്നില്‍വച്ച്‌ അഭിഭാഷകന്‍റെ മകന്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി ആരോപിച്ചു. പരാതിക്കാരിക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രതിയുടെ അറസ്റ്റ് വൈകിയാല്‍ സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

Hot Topics

Related Articles