കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസില്‍ കുറ്റപത്രം നല്‍കുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കുറ്റപത്രം നല്‍കാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തില്‍ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കൊടകര കുഴല്‍പ്പണ കേസിലെ സാക്ഷി നല്‍കിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴല്‍പ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ് വിവരം. കവർച്ച നടത്തിയ പണം ഉപയോഗിച്ച് നടത്തിയ ഇടപാടുകളാണ് കേന്ദ്ര ഏജൻസി പരിശോധിച്ചത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്നായിരുന്നു സംസ്ഥാന പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം പരിശോധിക്കാതെയാണ് ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നത്.