മലപ്പുറം: എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാൻ കയറിയ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ജിബിനെതിരെ കേസെടുത്തത്. ബാറ്ററി ചാർജ് ചെയ്യാൻ കയറിയ വീട്ടിലെ 6 വയസുള്ള കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരെ വീട്ടുകാര്‍ പൊലീസില്‍ നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരനായ ജിബിനെതിരെ കേസെടുത്തത്. ജിബിന്റെ പിതാവ് അലവിക്കുട്ടിയുടെ പരാതിയില്‍ ജിബിനെ മർദ്ദിച്ച വീട്ടുകാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്‍കാനും മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് മന്ത്രി നിർദ്ദേശിച്ചിരുന്നു.
എടക്കര മധുരകറിയൻ ജിബിനാണ് (24) മര്‍ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ ഒരു വീട്ടില്‍ കയറിയതിന്റെ പേരിലാണ് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടിയുടെ ആരോപണം. സ്കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിൻ ചാര്‍ജ് ചെയ്യാൻ സ്ഥലം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജിബിൻ പ്രസ്തുത വീട്ടിലെത്തിയതെന്ന് അലവിക്കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ജിബിൻ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ചുങ്കത്തറ സ്പെഷ്യല്‍ സ്കൂളില്‍ നാലാം ക്ലാസിലാണ് ജിബിൻ പഠിക്കുന്നത്. മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജിബിൻ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് ജിബിന്റെ പിതാവിന്റെ പരാതിയില്‍ മര്‍ദിച്ച വീട്ടുകാര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍, ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണിപ്പോള്‍ വീട്ടുകാരുടെ പരാതിയിൽ ജിബിനെതിരെ കേസ്.