ആലപ്പുഴ : പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ്. ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രില്‍ 27 ന് കൊടിയേറും. മെയ് ഏഴിനാണ് തിരുന്നാള്‍. തിരുനാളിന്റെ വിപുലമായ തയ്യാറെടുപ്പിന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍ വിളിച്ചുകൂട്ടുന്ന ഉദ്യോഗസ്ഥയോഗം നാളെ രാവിലെ 11.30 ന് പള്ളിയുടെ ബൈസെന്റിനറി ഹാളില്‍ നടക്കും. കളക്ടര്‍ അധ്യക്ഷതയില്‍ നടക്കുന്ന യോഗം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യം, ഗതാഗതം, വൈദ്യുതി, പൊതുമരാമത്ത്, പോലീസ്, പഞ്ചായത്ത്, റവന്യൂ, ജലഅതോറിറ്റി, ജലസേചനം, ബിഎസ്എന്‍എല്‍, ഫയര്‍, എക്സൈസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകരും സംബന്ധിക്കും. മേടം തിരുനാളിന് ഏപ്രില്‍ 27 ന് കൊടിയേറ്റുന്നതു മുതല്‍ മെയ് 14 എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കുന്നതുവരെ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്.
തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്നും വിശ്വാസികള്‍ എടത്വായിലേക്കു വരുന്നത് പാരമ്പര്യമായിട്ടുള്ള ചടങ്ങാണ്. എല്ലാവരുടെയും ആരോഗ്യപരിരക്ഷയും ഗതാഗത സൗകര്യങ്ങളും കുറ്റമറ്റ നിലയില്‍ ചെയ്യുന്നതിനുള്ള ചുമതല എല്ലാവര്‍ഷവും സര്‍ക്കാര്‍ എറ്റെടുക്കാറുണ്ട്. അതിനായി വിവിധ വകുപ്പുകള്‍ എകോപിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായി ഓഫീസേഴ്സ് മീറ്റ് വിളിച്ചുള്ളതെന്ന് ജനറല്‍ കണ്‍വീനര്‍ ബിനോയി മാത്യു ഉലക്കപാടില്‍ അറിയിച്ചു. തിരുനാള്‍ സമാപിക്കുന്നതുവരെ പള്ളിയും പരിസരവും വിവിധ വകുപ്പ് മേധാവികളുടെ നിരീക്ഷണത്തിലായിരിക്കും. ഇപ്രാവശ്യത്തെ തിരുനാള്‍ വിപുലവും ശ്രേഷ്ഠവുമാക്കാനുള്ള ഒരുക്കങ്ങള്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, കൈക്കാരന്മാരായ ജോസി പരുമൂട്ടില്, ജോൺ ചാക്കോ വടക്കേറ്റം പുന്നപ്ര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ആന്‍സി ജോസഫ് മുണ്ടകത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യൻ കണ്ണന്തറ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.