കൊച്ചി: തൃപ്പുണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്നും 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം സ്കൂളില്‍ വിദ്യാർത്ഥി മിഹിർ മുഹമ്മദിനെതിരെ റാഗിങ് നടന്നു എന്ന പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. ചാറ്റുകള്‍ അടങ്ങിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതിനാല്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ല.
മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തിയ ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. 2 ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറും. അതേസമയം സ്കൂളില്‍ മിഹിർ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്‍റെ മരണത്തിന് പിന്നാലെ സഹപാഠികള്‍ നിർമ്മിച്ച ചാറ്റുകള്‍ അടങ്ങിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാഗ് ചെയ്തുവെന്ന് പറയുന്ന വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആരെന്നതില്‍ നിലവില്‍ പൊലീസിന് സൂചനകളില്ല. സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് ഇരുവരും മിഹിറിനെ ഉപദ്രവിച്ചു എന്നും പരാതിയിലുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ശുചിമുറിയില്‍ പോകുമോ എന്നതിലും സംശയങ്ങളുണ്ട്. വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മിഹിറിന്‍റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അമ്മയുടേയും അച്ഛന്‍റേയും രണ്ടാനച്ഛന്‍റേയും സ്കൂള്‍ അധികൃതരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.
അതേസമയം മിഹിർ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്കൂളിലേക്ക് എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ സ്കൂള്‍ ഗേറ്റ് ചാടി കടന്നു പ്രതിഷേധിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കുന്ന സ്കൂള്‍ മാനേജ്‍മെന്റിനു എതിരെ നടപടി വേണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. മാനേജ്മെന്‍റുമായി എസ്‌എഫ്‌ഐ ഭാരവാഹികള്‍ ചർച്ച നടത്തി. പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് മാനേജ്‍മെന്റ് ഉറപ്പു നല്‍കിയെന്ന് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.