കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറ് കണക്കിനാളുകളാണ് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അർപ്പിച്ചത്. പിന്നീട് പള്ളി സെമിത്തേരിയില്‍ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഈ 45 കാരൻ ക്രിസ്മസിന് മാതാപിതാക്കള്‍ക്കുള്ള സമ്മാനങ്ങളുമായാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഇരുട്ടില്‍ കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ചേതനയറ്റ ശരീരമായി സ്വന്തം വീടിൻ്റെ പൂമുഖത്ത് അന്ത്യനിദ്രയിലാണ്ട് കിടന്ന എല്‍ദോസിനെ കണ്ട് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനാവാതെ നാടൊന്നാകെ സങ്കടക്കടലില്‍ ആണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍ദോസിനെ കാട്ടാന കൊമ്പ് കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. എല്ലുകളാകെ നുറുങ്ങിയ നിലയിലായിരുന്നു. വനം വകുപ്പിൻ്റെ വാഗ്ദാന ലംഘനങ്ങളെ കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തില്‍ സംസ്കാര ശുശ്രൂഷയ്ക്കിടെ വിമർശിച്ചു. ഹർത്താല്‍ ആചരിച്ച് പ്രതിഷേധിച്ച നാട്ടുകാർ, ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലത്തെ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
കിടങ്ങ് നിർമ്മിച്ചും ഫെൻസിംഗ് ഉറപ്പാക്കിയും കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്ന നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് ഇത്രനാളും മുഖം തിരിച്ചു നിന്നിരുന്ന റവന്യു – വനം വകുപ്പുകള്‍ എല്‍ദോസിന്റെ മരണത്തിന് പിന്നാലെ ഉണർന്നു. ജില്ലാ കളക്ടർ നാട്ടുകാർക്ക് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ രാവിലെ തന്നെ ട്രഞ്ച് നിർമ്മാണം തുടങ്ങി. വനം വകുപ്പ് അനാസ്ഥയ്ക്കെതിരെ ഇന്ന് പുലർച്ച വരെ നീണ്ടുനിന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ ഇടത്ത് നിന്ന് എല്‍ദോസിൻ്റെ മൃതദേഹം നീക്കിയത്.