ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂർത്തിയാകുംമുമ്പ് കൈമാറണമെന്ന സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. മാർച്ച് 15-ഓടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങള്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തും. വിവരങ്ങള്‍ കൈമാറാൻ ജൂണ്‍ ആറുവരെ സമയംതേടിയ എസ്.ബി.ഐ.യെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവരി 15-ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്തെന്നായിരുന്നു കോടതിയുടെ ചോദ്യം. എസ്.ബി.ഐ.ക്കെതിരേ ഇപ്പോള്‍ നടപടിയെടുക്കുന്നില്ലെന്നും എന്നാല്‍, നിർദേശങ്ങള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പുനല്‍കി.
തിരഞ്ഞെടുപ്പ് ബോണ്ടുകളുടെയും സ്വീകരിച്ച പാർട്ടികളുടെയും വിവരങ്ങള്‍ കൈമാറാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇവ സംയോജിപ്പിക്കാൻ സമയം വേണമെന്നു ബാങ്ക് പറഞ്ഞപ്പോള്‍ വിവരങ്ങള്‍ അതേപോലെ നല്‍കാനായിരുന്നു കോടതിനിർദേശം. സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയ 2019 ഏപ്രില്‍ 12 മുതല്‍ ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങളായിരുന്നു എസ്.ബി.ഐ. നല്‍കേണ്ടത്. ഓരോ ബോണ്ടും വാങ്ങിയ തീയതി, വാങ്ങിയവരുടെ പേര്, തുക എന്നിവ വ്യക്തമാക്കണം. ഇതിനൊപ്പം 2019 ഏപ്രില്‍ 12 മുതല്‍ ബോണ്ടുകള്‍ ലഭിച്ച രാഷ്ട്രീയപ്പാർട്ടികളുടെ വിവരങ്ങളും പ്രത്യേകമായി നല്‍കും. പാർട്ടികള്‍ പണമാക്കിമാറ്റിയ ഓരോ ബോണ്ടിന്റെ തീയതിയും തുകയുമടക്കമുള്ള വിവരങ്ങളുമുണ്ടാകും.