ദോഹ : ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരം തവന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അർജന്റീനിയൻ നായകൻ ലിയോണൽ മെസി പ്രഖ്യാപിച്ചിരുന്നത് ആരാധകർ സങ്കടത്തോടെയാണ് കേട്ടുനിന്നത്. എന്നാൽ മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് സഹതാരവും ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസ്. മെസിക്ക് ഇതേ ഫോമിൽ 50 വയസുവരെ കളിക്കാനാകുമെന്നും മാർട്ടിനെസ് അർജന്റീനിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സെമിഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് മെസി വ്യക്തമാക്കിയത്. എന്നാൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർട്ടിനെസിന്റെ അഭിപ്രായം ചർച്ചയാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2026ൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലും മെസിക്ക് കളിക്കാനാകും. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പ്രതിഭയിലോ പ്രകടനത്തിലോ കുറവ് വന്നിട്ടില്ല. അത്രയും ലളിതമായിട്ടാണ് അദ്ദേഹം ഇപ്പോഴുംപന്തു തട്ടുന്നത്. അദ്ദേഹത്തിന്റെ ഇടംകാൽ ചെറുതാണെങ്കിലും ആ കാലിൽ നിന്നുതിർക്കുന്ന ഷോട്ടുകൾ ശക്തമാണെന്നും മാർട്ടിനെസ് പറഞ്ഞു.
ഇത് മെസിയുടെ അവസാന ലോകകപ്പായിരിക്കില്ലെന്ന് അർജന്റീനിയൻ താരം ക്രിസ്റ്റ്യൻ റൊമോറയും പറഞ്ഞു. മെസി അടുത്ത ലോകകപ്പിലും അർജന്റീനയ്ക്കായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും റൊമോറോ കൂട്ടിച്ചേർത്തു.