ഖത്തർ: കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയ്ക്ക് വില്ലനായി അവതരിച്ച എംബാപ്പേ ഇക്കുറി ഫൈനലിൽ ഉയർത്തിയത് വൻ വെല്ലുവിളി. വിജയം ഉറപ്പിച്ച് ആഘോഷം തുടങ്ങിയ അർജന്റീനൻ ആരാധകർക്കു മേൽ ഇടിമിന്നൽ പോലെയാണ് എംബാപ്പേ വന്നു പതിച്ചത്. 80 ആം മിനിറ്റിലെ പെനാലിറ്റിയും 81 ആം മിനിറ്റിലെ ഹാഫ് വോളി ഗോളും ചേർന്നപ്പോൾ തകർന്നത് അർജന്റീൻ ആരാധകരുടെ ഹൃദയമാണ്.
മെസിയ്‌ക്കൊരു കപ്പ് എന്ന മുദ്രാവാക്യവുമായി ഹൃദയംകൊണ്ടാണ് അർജന്റീനൻ കളിക്കാർ ആദ്യം മുതൽ ലൂസൈലിൽ പന്തു തട്ടിയത്. മെസിക്കൊപ്പം അഞ്ചു ഗോളുകളുമായി ലോകകപ്പ് ഗോൾഡൻ ബൂട്ട് വേട്ടയിൽ ഒപ്പമുണ്ടായിരുന്നു പിഎസ്ജിയിലെ സഹതാരം. എന്നാൽ, മത്സരത്തിന്റെ ആദ്യ നിമിഷത്തിൽ ലഭിച്ച ഗോളിലൂടെ മെസി മുന്നിലെത്തി. ഡി മരിയയുടെ രണ്ടാം ഗോളിലൂടെ അർജന്റീനയും വിജയം ഉറപ്പിച്ച് കളിച്ചതോടെ ഗോൾഡൻ ബൂട്ടും കപ്പും മെസിയ്‌ക്കെന്ന് ഉറപ്പിച്ചു. 80 ആം മിനിറ്റ് വരെ ഫ്രാൻസ് ടീമംഗങ്ങളുടെ ശരീര ഭാഷ പോലും തോൽവിയെ മുന്നിൽ കണ്ടെന്ന നിലയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
80 ആം മിനിറ്റിൽ പൊടുന്നെ അർജന്റീനൻ ബോക്‌സിൽ കിട്ടിയ പെനാലിറ്റിയാണ് കളി മാറ്റി മറിച്ചത്. അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസിന്റെ നെടുനീള ഡൈവിനെ അതി മനോഹരമായി കബളിപ്പിച്ച് പന്ത് ബോക്‌സിന്റെ ഇടതു മൂലയിലേയ്ക്കു തുളഞ്ഞു കയറുമ്പോൾ, ആറാം ഗോളുമായി ലോകകപ്പിലെ ഗോൾഡൻ ബൂട്ട് വെട്ടയിൽ വീണ്ടും എംബാപ്പേ മെസിയ്ക്കു വെല്ലുവിളി ഉയർത്തി ഒപ്പമെത്തി. തൊട്ടടുത്ത നിമിഷം മെസിയുടെ തന്നെ കാലിൽ നിന്നും കൂട്ടുകാരൻ റാഞ്ചിയെടുത്ത പന്ത് എംബാപ്പേയ്ക്കു മറിച്ചു നൽകിയപ്പോൾ ഒരു നിമിഷം പോലും ചിന്തിക്കേണ്ടിയിരുന്നില്ല ഗോളാക്കി മാറ്റാൻ. ഇതോടെ ഏഴു ഗോളുമായി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഗോൾഡൻ ബോയിയായി എംബാപ്പേ മുന്നിൽ കയറി.