സിനിമ ഡസ്ക് : മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷോയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. സിനിമയുടെ പുതിയ പോസ്റ്ററും റിലീസായിട്ടുണ്ട്. മഴയത്ത് ഒരു പാർട്ടി സമ്മേളനം എന്ന് തോന്നിക്കുന്ന ചടങ്ങിൽ അണികൾക്ക് മുന്നിൽ കൈകെട്ടി നിൽക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.
ഇത് ചിത്രത്തിലെ ഫ്ലാഷ്ബാക്ക് സീനുകളിൽ ഒന്നാണെന്നാണ് പോസ്റ്റർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കണ്ടുപിടിത്തം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന് നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.സിനിമയുടെ ഒടിടി, ഓവര്‍സീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷന്‍ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാര്‍ച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെ ഫാന്‍സ് ഷോകള്‍ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു. റിലീസിന് ഒരു മാസം മുന്‍പേ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഞ്ചിങ് ചടങ്ങുകള്‍ക്ക് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഗോകുലം മൂവീസ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.