കൊച്ചി : എമ്പുരാന്‍ സിനിമ തിയേറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെ, സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളും പുറത്ത് കൊഴുക്കുകയാണ്.ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങളിലെ വിമര്‍ശനത്തില്‍ ബിജെപി- സംഘപരിവാര്‍ സൈബര്‍ സംഘങ്ങള്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസും ഇടതുപക്ഷവും സംഘപരിവാര്‍ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിനായക സ്ഥാനത്തു നിര്‍ത്തിയതില്‍, സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അതിനിടെ എംപുരാനുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപി. ‘വിവാദങ്ങളില്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരുടെ രീതിയില്‍ ചിത്രത്തെ വ്യാഖ്യാനിക്കാന്‍ അവകാശമുണ്ട്. അവര്‍ പറയട്ടെ’യെന്ന് മുരളി ഗോപി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിലര്‍ അതിനെതിരെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് രംഗത്തുവരുന്നു. മറ്റു ചിലരാകട്ടെ സിനിമയിലെ രാഷ്ട്രീയ നിലപാടിനെ പിന്തുണച്ചും രംഗത്തുവന്നിട്ടുണ്ട്. അവര്‍ തമ്മില്‍ തീര്‍ക്കട്ടെ. ഞാന്‍ നിശബ്ദത പാലിക്കുകയാണ്. ഇടതുപക്ഷം ഇപ്പോള്‍ നിലവിലില്ല. അവര്‍ തീവ്ര വലതുപക്ഷത്താണ്’. മുരളി ഗോപി പറഞ്ഞു.
2013ല്‍ മുരളി ഗോപി രചന നിര്‍വഹിച്ച് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയെ കേരളത്തിലെ ഇടതുപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.സനാതന ധര്‍മ്മ പോലുള്ള സംഘപരിവാര്‍ ഹാന്‍ഡിലുകള്‍, എംപുരാന്‍ സിനിമയെ ഹിന്ദു വിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരമൊരു സിനിമ ഒരുക്കിയ പൃഥ്വിരാജ്, മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.