ലണ്ടൻ: ഇംഗ്ലണ്ട് ബാറ്റിംങ് നിരയ്ക്ക് ബുംറയുടെ പേസ് ആക്രമണമാണ് നേരിടേണ്ടി വന്നതെങ്കിൽ, മൈക്കിൾ വോൺ എന്ന മുൻ ഇംഗ്ലണ്ട് താരത്തിന് ഇന്ത്യൻ ആരാധകരുടെ സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. പറഞ്ഞ ഒരു വാക്കിന്റെ പേരിൽ ഇന്ത്യൻ സൈബർ ലോകത്തു നിന്നുള്ള കടന്നാക്രമണത്തെ നേരിടാൻ ബാറ്റിംങിലെ പ്രതിരോധ പാഠങ്ങളൊന്നും മുൻ ഇംഗ്ലണ്ട് താരത്തിനു പോരാതെ വന്നു. ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് നാനൂറിന് മുകളിൽ അടിച്ചാലും അത്ഭുതപ്പെടേണ്ടെന്നായിരുന്നു വോണിന്റെ മത്സരത്തിനു മുൻപുള്ള കമന്റ്.
അതിശക്തമായ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിനുള്ളതെന്നും കെന്നിംഗ്ടൺ ഓവലിലേത് ഫ്‌ലാറ്റ് വിക്കറ്റാണെന്നും വോൺ പറഞ്ഞു. ക്രിക്ക്ബസിനോടായിരുന്നു വോണിന്റെ പ്രതികരണം. ”ബാറ്റിംഗ് നിരയിൽ ലിവിങ്സ്റ്റണും ഉണ്ടാവും. ലൈനപ്പ് എങ്ങനെയാവുമെന്ന് നിങ്ങൾക്ക് കൃത്യമായി അറിയില്ല. പക്ഷേ, റൂട്ടും ബെയര്‍സ്റ്റോയും സ്റ്റോക്‌സും ഉറപ്പായും കളിക്കും. ബ്രൈഡൻ കാഴ്‌സിനെ ശ്രദ്ധിക്കുക. അയാൾ വേഗത്തിൽ പന്തെറിയും. ഗ്ലീസണിന്റെ ആംഗിളിനു സമാനമാണ്. അയാൾ ഒന്നോ രണ്ടോ മത്സരങ്ങളിൽ കളിക്കും. ഇംഗ്ലണ്ട് കരുത്തരായിരിക്കും. വിക്കറ്റ് ഫ്‌ലാറ്റ് ആയിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെതർലൻഡിനെതിരെ ഇംഗ്ലണ്ട് 498 അടിച്ചു. അത് ഇന്ത്യക്കെതിരെ കഴിഞ്ഞേക്കില്ല. പക്ഷേ, ഇംഗ്ലണ്ട് 400നു മുകളിൽ സ്‌കോർ ചെയ്താലും ഞാൻ അത്ഭുതപ്പെടില്ല.”- വോൺ പറഞ്ഞു. എന്നാൽ, ബുംറയുടെ ആറു വിക്കറ്റ് പേസ് ആക്രമണത്തിനു മുന്നിൽ ഇംഗ്ലീഷ് പടയാളികൾ കൂട്ടത്തോടെ കത്തിയമർന്നപ്പോൾ, വോണിനാണ് ഏറ്റവും കൂടുതൽ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ത്യയുടെ വന്യമായ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ സൈബർ ആക്രമണം തുടങ്ങുകയായിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കോലിക്ക് പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിച്ചു.