എഡ്ജ് ബാസ്റ്റൺ : ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ 49 റൺസിന് വിജയം നേടിയ ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇതോടെ അഞ്ചാം ടെസ്റ്റിലെ പരാജയത്തിന് മറുപടി നൽകുകയും ചെയ്തു. ഇന്നലെ എഡ്ജ് ബാസ്റ്റണിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ട് 17ഓവറിൽ 121 റൺസിന് ആൾഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം നേടിയ ജസ്പ്രീത് ബുമ്രയും യുസ്വേന്ദ്ര ചഹലും ചേർന്നാണ് ഇംഗ്‌ളണ്ടിനെ ചുരുട്ടിയത്.
നാലുമാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. വിരാട് കൊഹ്ലിയും റിഷഭ് പന്തും ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ഇന്നലെ പ്‌ളേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തി. രോഹിത് ശർമ്മയും (31),റിഷഭ് പന്തും (26) ചേർന്നാണ് ഇന്ത്യയ്ക്കായി ഓപ്പണിംഗിന് ഇറങ്ങിയത്. ഇവർ ആദ്യ അഞ്ചോവറിൽ 49 റൺസ് അടിച്ചുകൂട്ടി. ഇംഗ്‌ളണ്ടിന് വേണ്ടി അരങ്ങറ്റത്തിനിറങ്ങിയ പേസർ ഗ്‌ളീസന്റെ ഫസ്റ്റ് സ്‌പെല്ലാണ് ഇന്ത്യയ്ക്ക് ഭീതി പടർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ഓവറിന്റ അഞ്ചാം പന്തിൽ രോഹിതിനെ ബട്ട്ലറിന്റെ കയ്യിലെത്തിച്ച ഗ്‌ളീസൻ ഏഴാം ഓവറിന്റെ ആദ്യ പന്തിൽ വിരാട് കൊഹ്ലിയെയും(1) രണ്ടാം പന്തിൽ റിഷഭിനെയും പുറത്താക്കി. ഇതോടെ ഇന്ത്യ 61/3 എന്ന നിലയിലായി. തുടർന്ന് സൂര്യകുമാർ യാദവ് (15),ഹാർദിക് പാണ്ഡ്യ(12) എന്നിവരെ ക്രിസ് ജോർദാൻ പുറത്താക്കിയതോടെ ഇന്ത്യ 89/5 എന്ന നിലയിലായി.ഇതോടെ ദിനേഷ് കാർത്തിക്കും(12) ജഡേജയും(46*)ക്രീസിലൊരുമിച്ചു. ഇരുവരും ചേർന്ന് 122ലെത്തിച്ചപ്പോൾ കാർത്തിക് മടങ്ങി. തുടർന്ന് ജഡേജ നടത്തിയ പോരാട്ടമാണ് 170ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ടിന് ആദ്യ പന്തിൽത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വർ ജാസൺ റോയ്യെ(0) രോഹിത് ശർമ്മയുടെ കയ്യിലെത്തിക്കുകയായിരുന്നു. ആ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്‌ളണ്ടിന് കഴിഞ്ഞതേയില്ല.