ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഞായറാഴ്ച പോരാട്ടം ത്രസിപ്പിക്കുന്ന തലത്തിലേയ്ക്ക്. മുൻ നിരടീമുകൾക്കെല്ലാം മത്സരമുണ്ടായിരുന്ന ഞായറാഴ്ച, ആഴ്‌സണലും, ആസ്റ്റൺവില്ലയും, ലിവർപൂളും ഒന്നാം സ്ഥാനം പിടിക്കാൻ പൊരിഞ്ഞ പോരാട്ടം നടത്തി. എന്നാൽ, ഒടുവിൽ പോയിന്റ് പട്ടിക പുറത്ത് വരുമ്പോൾ ആഴ്‌സണൽ തന്നെ ഒന്നാം സ്ഥാനത്ത്. ഞായറാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ ബ്രിംങ്‌ടോണിനെ തകർത്താണ് ആഴ്‌സണൽ കുതിപ്പ് തുടർന്നത്. രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്കാണ് ആഴ്‌സണൽ ബ്രിങ്‌ടോണിനെ തകർത്തു തരിപ്പണമാക്കിയത്. ഗബ്രിയേൽ ജീസ്യൂസ് 53 ആം മിനിറ്റിലും, കായി ഹാവേർട്ട്‌സ് 87 ആം മിനിറ്റിലുമാണ് ആഴ്‌സണലിനു വേണ്ടി ഗോൾ നേടിയത്. ഇതോടെ 17 കളികളിൽ നിന്നും 39 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഗോൾ രഹിത സമനില വഴങ്ങിയ ലിവർപൂൾ, 17 കളികളിൽ നിന്നു തന്നെ 38 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്ത് തുടരുന്നു. ബ്രെന്റ്‌ഫോർഡിനെ തകർത്ത് ആസ്റ്റൺവില്ല ലിവർപൂളിനെയും, സിറ്റിയെയും പിന്നിലാക്കി. 45 ആം മിനിറ്റിൽ ബ്രെന്റ്‌ഫോർഡിന് വേണ്ടി കെയിൻ ലൂവിസ് പോർട്ടെയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ 77 ആം മിനറ്റിൽ അലക്‌സ് മൊറേനോ, 85 ആം മിനിറ്റിൽ ഓലീ വാറ്റ്കിൻസും ചേർന്നാണ് ആസ്റ്റൺവില്ലയെ വിജയത്തിലേയ്ക്ക് എത്തിച്ചത്. ഇതോടെ 38 പോയിന്റുമായി ആസ്റ്റൺവില്ല മൂന്നാമത് നിൽക്കുന്നു. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വൂൾവ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് തരിപ്പണമാക്കി.