ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിന് എതിരെ അവിശ്വസനീയ തിരിച്ചു വരവ് ജയം നേടി ജെസ്സി മാർഷിന്റെ ലീഡ്‌സ് യുണൈറ്റഡ്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് 10 പേരായി ചുരുങ്ങിയ വോൾവ്‌സിനെ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ലീഡ്‌സ് തിരിച്ചു വന്നു തോൽപ്പിച്ചത്. തീർത്തും നാടകീയമായ രംഗങ്ങൾ അരങ്ങേറിയ മത്സരം എല്ലാ അർത്ഥത്തിലും സംഭവബഹുലം ആയിരുന്നു.
മത്സരത്തിന്റെ 23 മത്തെ മിനിറ്റിൽ തന്നെ പരിക്കിൽ നിന്നു ഈ അടുത്ത് തിരിച്ചു വന്ന പാട്രിക് ബാൻഫോർഡിനെ ലീഡ്‌സിന് പരിക്ക് കാരണം നഷ്ടമാവുന്നത് ആണ് കാണാൻ ആയത്. രണ്ടു മിനിറ്റുകൾക്കു ശേഷം പരിക്ക് വലച്ച റൂബൻ നെവസിനെ വോൾവ്‌സിനും പിൻ വലിക്കേണ്ടി വന്നു. 26 മത്തെ മിനിറ്റിൽ വോൾവ്‌സ് മത്സരത്തിൽ മുന്നിലെത്തി. പകരക്കാനായി ഇറങ്ങിയ ട്രിൻകാവോ നൽകിയ പാസിൽ നിന്നു ജോണിയാണ് അവർക്ക് ആയി ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പകുതിക്ക് മുമ്പ്് പ്രതിരോധ താരം ലോറന്റെയെയും ലീഡ്‌സിന് പരിക്ക് കാരണം പിൻ വലിക്കേണ്ടി വന്നു. ഇതിനു ശേഷം പോഡൻസിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. അതേസമയം ആദ്യ പകുതി തീരുന്നതിനു മുമ്പ് മധ്യനിര താരം ക്ലിചിനെയും ലീഡ്‌സിന് പരിക്ക് മൂലം പിൻവലിക്കേണ്ടി വന്നു. ഇതിനു പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ്് ബുദ്ധിപരമായി എടുത്ത ഒരു ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ പോഡൻസിന്റെ പാസിൽ നിന്നു ട്രിൻകാവോ വോൾവ്‌സിന്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ലീഡ്‌സ് ഗോൾ കീപ്പറിനെ ഫൗൾ ചെയ്ത ഹിമനസിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെ വോൾവ്‌സ് പത്ത് പേരായി ചുരുങ്ങി. ഹിമനസിനും പരിക്ക് പറ്റിയെങ്കിലും റഫറി താരത്തിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. ഗുരുതരമായി പരിക്കേറ്റ ഗോൾ കീപ്പർ എമലിയറിനെ മാറ്റാൻ ഇതോടെ ലീഡ്‌സ് നിർബന്ധിതമായി. മൂന്നു മാറ്റം വരുത്തിയെങ്കിലും താരത്തിന്റെ പരിക്ക് ഗുരുതരം ആയതിനാൽ ഒരു പകരക്കാരനെ കൂടി ലീഡ്‌സിന് അനുവദിക്കുക ആയിരുന്നു. വോൾവ്‌സ് 10 പേരായതോടെ ലീഡ്‌സ് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു.
63 മത്തെ മിനിറ്റിൽ ജാക് ഹാരിസൺ ലീഡ്‌സിന്റെ ആദ്യ ഗോൾ നേടി. ലൂക് ആയിലിങ് അടിച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും ലഭിച്ച അവസരം ഹാരിസൺ ഗോൾ ആക്കി മാറ്റി. വാർ പരിശോധനക്ക് ശേഷമാണ് ഈ ഗോൾ അനുവദിച്ചത്. മൂന്നു മിനിറ്റുകൾക്കു അകം ലീഡ്‌സ് സമനില ഗോൾ കണ്ടത്തി. ഇത്തവണ ജെയിംസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ലഭിച്ച പന്ത് പകരക്കാനായി ഇറങ്ങിയ ഗ്രീൻവുഡ് റോഡ്രിഗോക്ക് മറിച്ചു നൽകി. ഗോൾ കണ്ടത്തിയ റോഡ്രിഗോ ലീഡ്‌സിന് സമനില സമ്മാനിച്ചു.
ഇടക്ക് വോൾവ്‌സിന്റെ ശ്രമങ്ങൾ പകരക്കാരൻ ഗോൾ കീപ്പർ ക്രിസ്റ്റഫർ ക്ലാൻസൻ രക്ഷപ്പെടുത്തി. മത്സരത്തിന്റെ 91 മത്തെ മിനിറ്റിൽ സെറ്റ് പീസിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട ലൂക് ആയിലിങ് ലീഡ്‌സിന് സ്വപ്ന ജയം സമ്മാനിച്ചു. ഗോൾ നേടിയ ശേഷം വിഖ്യാതമായ റോബീ കീൻ ഗോൾ ആഘോഷവും താരം നടത്തി. ആദ്യ പകുതിയിൽ 12 മിനിറ്റും രണ്ടാം പകുതിയിൽ 10 മിനിറ്റും ഇഞ്ച്വറി സമയം ആണ് മത്സരത്തിൽ അനുവദിച്ചത്. ജയത്തോടെ 30 കളികളിൽ നിന്നു 29 പോയിന്റുകളും ആയി 16 മതുള്ള ലീഡ്‌സിന് ഇത് വലിയ നേട്ടമാണ്. തുടർച്ചയായ രണ്ടാം ജയം ആണ് അവർക്ക് ഇത്. അതേസമയം വോൾവ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.