കൊച്ചി: കനത്ത മഴയേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപനത്തിലെ അപാകത മൂലം പഴിയേറെ കേൾക്കേണ്ടി വന്ന എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് വിചിത്ര തീരുമാനവുമായി വീണ്ടും രംഗത്ത്. ഇന്നലെ എറണാകുളം പ്രസ്‌ക്ലബിൽ മാദ്ധ്യമ പ്രവർത്തകരുമായുള്ള മീറ്റ് ദി പ്രസിലാണ് കളക്ടർ തന്റെ വിചിത്ര തീരുമാനം പ്രഖ്യാപിച്ചത്.
മാദ്ധ്യമ പ്രവർത്തകരുമായുള്ള തന്റെ ആശയ വിനിമയം ഇനിമുതൽ പി.ആർ.ഡി വഴി മാത്രമായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ പി.ആർ.ഡി റിലീസായി അയക്കും. അത്യാവശ്യ ഘട്ടങ്ങളിൽ തന്റെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെടാമെന്നു പറഞ്ഞെങ്കിലും കളക്ടറായി സ്ഥാനമേറ്റ അന്നുതൊട്ടിന്നുവരെ ജില്ലയിലെ മാദ്ധ്യമ പ്രവർത്തകർക്ക് കളക്ടറെ ഫോണിൽ ബന്ധപ്പെടാനായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ കളക്ടറുടെ സോഷ്യൽ മീഡിയാ പേജിന് റീച്ച് കൂടിയെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ പ്രതികരണങ്ങൾക്കോ വിശദീകരണങ്ങൾക്കോ കളക്ടറെ ബന്ധപ്പെടാനാകാത്ത അവസ്ഥയാണിപ്പോൾ.
ഔദ്യോഗിക ഫോൺ നമ്പറിലേക്ക് വിളിച്ചാൽ കുറേത്തവണ ബെല്ലടിച്ച ശേഷം കോൾ ഫോർവേർഡ് ആകും അപ്പോൾ ഗൺമാൻ കോൾ അറ്റൻഡ് ചെയ്യും. പിന്നീട് വിളിക്കാൻ നിർദേശിച്ച് കട്ടാക്കും. വീണ്ടും വിളിച്ചാലും ഇത് തന്നെ അവസ്ഥ. മുൻപിരുന്ന കളക്ടർമാർ തിരക്കിനു ശേഷം മാദ്ധ്യമ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെടുകയും സന്ദേശങ്ങളായി വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
എന്തു തന്നെയായാലും കളക്ടറുടെ വിചിത്ര നടപടിയിൽ അമ്പരന്നിരിക്കുകയാണ് മാദ്ധ്യമ പ്രവർത്തകർ. ജില്ലയുടെ ദുരന്തനിവാരണ വിഭാഗം മേധാവി കൂടിയായ കളക്ടറെ മഴക്കാലത്ത് ഉൾപ്പെടെ നിരവധി ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട സാഹചര്യം നിലനിൽക്കുമ്പോൾ കളക്ടറുടെ ഈ വിചിത്ര തീരുമാനം മാദ്ധ്യമങ്ങളെ വലയ്ക്കുമെന്നുറപ്പ്.