കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ പ്ലാറ്റ്ഫോമില്‍ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ് മുഷ്താക്ക് (20), നിലമ്ബൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ് റാഷിദ് (27) എന്നിവരെയാണ് പിടികൂടിയത്. എക്സൈസും റെയില്‍വെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടിയത്. മൂന്ന് പേരില്‍ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും റെയില്‍വെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്ഡില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം തിരൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും റെയില്‍വെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാല്‍ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ എക്സൈസ് ഇൻസ്പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷിജിത്ത് എം.കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് തുടങ്ങിയവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.