കൊച്ചി : മഞ്ഞപ്പിത്തം വലിയ ദുരിതം വിതച്ച എറണാകുളം വേങ്ങൂരിനെ മൂന്ന് മാസത്തിനിപ്പുറം തിരിഞ്ഞ് നോക്കാതെ സംസ്ഥാന സർക്കാർ. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടി ഒന്നുമായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേങ്ങൂരില്‍ വാട്ടർ അതോറിറ്റി വിളിച്ച് വരുത്തിയ ദുരന്തത്തില്‍ ഏപ്രില്‍17 മുതല്‍ രോഗബാധിതരായത് 253 പേരാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമായി ചികിത്സയിലാണ് വെങ്ങൂർ സ്വദേശി അഞ്ജന. മകള്‍ കൊച്ചിയിലെ ആശുപത്രിയില്‍ 75 ദിവസമായി വെന്‍റിലേറ്ററിലാണ്. ‘മകള്‍ കണ്ണ് തുറക്കും, ബോധമുണ്ട്, അത്ര മാത്രം ഒള്ളൂ. അനങ്ങാനോ നാവ് ഒന്ന് ചലിപ്പിക്കാനോ സാധിച്ചിട്ടില്ല. 75 ദിവസമായി ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല’- കണ്ണീരോടെ അഞ്ജനയുടെ അമ്മ പറയുന്നു.
അഞ്ജനയുടെ അമ്മ ശോഭനയും അച്ഛൻ ചന്ദ്രനും ആശുപത്രി കാത്തിരിപ്പ് മുറിയില്‍ കഴിച്ച് കൂട്ടുകയാണ് മകള്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയില്‍. ഇതുവരെ സർക്കാർ സഹായം ഒന്നും കിട്ടിയിട്ടില്ലെന്നും, ആരോഗ്യമന്ത്രിയെ ഫോണില്‍ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുന്ന അഞ്ജനയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇതുവരെ 25 ലക്ഷത്തോളം രൂപയായി ആശുപത്രി ചിലവ്. ഇനി ഭൂമി വിറ്റും മകളുടെ തുടർചികിത്സക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചന്ദ്രനും, ശോഭനയും. അഞ്ജനയും ഭർത്താവ് ശ്രീകാന്തിനുമുള്‍പ്പടെ വെങ്ങൂരില്‍ നിരവധി പേർക്ക് രോഗം അതീവ ഗുരുതരമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്ത് നിന്ന് പണംപിരിച്ച് പഞ്ചായത്തും നാട്ടുകാരും, വിവിധ സന്നദ്ധസംഘടനകളും ആദ്യദിനങ്ങളില്‍ ഒപ്പം നിന്നു. എന്നാല്‍ അഞ്ജനയ്ക്ക് മഞ്ഞപ്പിത്തം കരളിനെയും, വൃക്കയെയും ബാധിച്ചു. അണുബാധയും കൂടി. അവസ്ഥ പറയാൻ ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ചുവെങ്കിലും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിലലെന്ന് അമ്മ ശോഭന പറഞ്ഞു. മൂന്ന് മാസത്തെ ദുരിതം താണ്ടി വേങ്ങൂരുകാർ സാധാരണ ജീവിതത്തിലേക്ക് ഇനിയും മടങ്ങിയിട്ടില്ല. പൈപ്പിലൂടെ മലിനജലം വീട്ടിലെത്തിച്ച വാട്ടർ അതോറിറ്റിക്കെതിരെ ഇത് വരെ ഒരു നടപടിയുമില്ല. വേങ്ങൂരിനെ ആരും കണ്ടില്ലെന്നാണ് ഇവരുടെ സങ്കടം. മൂവാറ്റുപുഴ ആർഡിഒ ആണ് വേങ്ങൂരിലെത്തി മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത്. ജില്ലാ കളക്ടർ ഈ റിപ്പോർട്ട് വിവിധ സർക്കാർ വകുപ്പുകള്‍ക്കും കൈമാറി. എന്നാല്‍ നടപടി വൈകിച്ച് സർക്കാർ സംവിധാനങ്ങളും ഈ നാട്ടുകാരെ വീണ്ടും വീണ്ടും പറഞ്ഞ് പറ്റിക്കുകയാണ്.