തിരുവനന്തപുരം: മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയില്‍ നിന്നും തടിക്കഷണങ്ങള്‍ ലഭിച്ചിരുന്നു. അർജുൻ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.
ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെക്ക് ആദ്യം കർണാടക അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവില്‍ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചില്‍ നടക്കുന്നത്.