ഖത്തർ: ലോകകപ്പിന്റെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക്. ആദ്യം രണ്ടു ഗോൾ നേടിയ അർജന്റീനയ്‌ക്കെതിരെ ഒറ്റ മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഫ്രാൻസ് സമനില പിടിച്ചത്.
23 ആം മിനിറ്റ്
മെസി
23 ആം മിനിറ്റിലായിരുന്നു ആരാധകർ കാത്തിരുന്ന ആ നിമിഷം. അർജന്റീനയുടെ മുന്നേറ്റ നിര ഫ്രാൻസ് ബോക്‌സിൽ നിരന്തരം നടത്തിയ റെയ്ഡിന് ഒടുവിൽ ഫലം ഉണ്ടാകുന്നു. ഇടത് വിങ്ങിലൂടെ പ്രതിരോധ നിരക്കാരനെ നൃത്തച്ചുവടുകളോടെ കബളിപ്പിച്ച് ഡിമരിയയുടെ ഒരു മുന്നേറ്റം. ബോക്‌സിനുള്ളിലേയ്ക്കു പാഞ്ഞു കയറിയ ഡിമരിയയെ വലം കാൽ വച്ച് വീഴ്ത്തുന്ന ഡംബേലെ. റഫറി പെനാലിറ്റി ബോക്‌സിലേയ്ക്കു വിരൽ ചൂണ്ടി. ഷോട്ടെടുത്തത് സാക്ഷാൽ ലയണൽ മെസി. ഫ്രഞ്ച് ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസിനെ എതിർവശത്തേയ്ക്കു ചാടിച്ച് പന്ത് ഗോൾ പോസ്റ്റിന്റെ വലത് മൂലയിലേയക്കു തറഞ്ഞു കയറുമ്പോൾ, പന്ത് ഗോളാകുന്നതിനെ ദയനീയമായി നോക്കി നിൽക്കുകയായിരുന്നു ലോറിസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
36 ആം മിനിറ്റ്
എയ്ഞ്ചൽ ഡി മരിയ
പെനാലിറ്റി ഗോളിന്റെ പഴി തീർക്കുന്നതായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഒരു ടീം ഗോൾ എന്നു തീർത്തു പറയാവുന്ന ഒരു ഗോൾ. സ്വന്തം പകുതിയിൽ നിന്നും ലഭിച്ച പന്തുമായി മെസിയും ആൽവാരസും കുതിക്കുന്നു. പന്ത് കൈമാറിക്കിട്ടിയത് മക്കാലിസ്റ്റർക്ക്. മക്കാലിസ്റ്ററെ വളഞ്ഞ് ഫ്രഞ്ച് പ്രതിരോധ ഭടന്മാർ എത്തി. ഇവർക്കിടയിലൂടെ മക്കാലിസ്റ്ററുടെ ഒരു മനോഹര പാസ്. മക്കാലിസ്റ്റർ സ്വയം ഫിനിഷ് ചെയ്യുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോൾ, ഇടത് വിങ്ങിലൂടെ ഓടിയെത്തിയ മരിയയിലേയ്ക്ക് നീട്ടി നൽകിയ ആ പാസ്. ഓടിയെന്തി പന്തിനെ ഒന്ന് തലോടി ഗോളാക്കി മാറ്റേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു മരിയയ്ക്കുണ്ടായിരുന്നത്.
80 ആം മിനിറ്റ്
കിലിയൻ എംബാപ്പേ
ബോക്‌സിനുള്ളിൽ സഹ താരത്തെ വീഴ്ത്തിയതിനു ലഭിച്ച പെനാലിറ്റി അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് എംബാപ്പേ മനോഹരമായി ഗോളാക്കി മാറ്റി. അർജന്റീൻ ആരാധകർ ഞെട്ടിയ നിമിഷം
81 ആം മിനിറ്റ്
എംബാപ്പേ
അർജന്റീനൻ ഇതിഹാസം ലയണൽ മെസിയിൽ നിന്നും കിങ്സ്ല്‌ലി കോമാൻ തട്ടിയെടുത്ത പന്ത് എബാപ്പെയിലേയ്ക്ക്. അതിമനോഹരമായി കളിക്കുന്ന എംബാപ്പേ എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് മനോഹരമായി പന്ത് അർജന്റീനയുടെ വലയിൽ എത്തിച്ചു.