മ്യൂണിക് : യൂറോക്കപ്പിൽ ജർമ്മനിയെ തകർത്ത് സ്പെയിൻ സെമിയിൽ. അധിക സമയത്തേക്ക് നീണ്ട കോർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമ്മനിയെ തകർത്താണ് സ്പെയിൻ സെമിയിൽ കടന്നത്. 51 ആം മിനിറ്റിൽ ഓൾമോയും 119 ആം മിനിറ്റിൽ മെറീനോയുമാണ് സ്പെയിനായി ഗോൾ നേടിയത്. പോരാട്ടം കനത്ത ക്വാർട്ടർ മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതി ആരംഭിച്ച 51 മിനിറ്റിൽ തന്നെ സ്പെയിൻ ഗോൾ നേടി. ഈ ലീഡിൽ കടിച്ചു തൂങ്ങി കിടക്കാനുള്ള സ്പെയിനിന്റെ ശ്രമമാണ് തിരിച്ചടിച്ചത്. 89 ആം മിനിറ്റിൽ വിറ്റ്സിൻ്റെ മനോഹര ഗോൾ ജർമ്മനിയ്ക്ക് സമനില സമ്മാനിച്ചു. സ്പെയിൻ വിജയമുറപ്പിച്ചു നിൽക്കുന്നതിനിടെയാണ് നിർണായക നിമിഷത്തിൽ ഗോൾ നേടി ജർമ്മനി കളിയിലേക്ക് തിരികെയെത്തിയത്. ഇതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകൾക്കും ഗോൾ നേടാൻ ആയില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മെറീന ജർമ്മനിയുടെ വല ചലിപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ സ്പെയിൻ സെമിയിലേക്ക് കടന്നു. അവസാന പ്രതീക്ഷയായ പന്തുമായി ഗോളിലേക്ക് കുതിക്കുകയായിരുന്ന മുസിയേലയെ വലിച്ചിട്ട ഡാനി കാർവജാൽ അവസാന നിമിഷം രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പ് കാർഡുമായി പുറത്തായത് വിജയത്തിലും സ്പെയിന് തിരിച്ചടിയായി. സെമി ഫൈനൽ മത്സരം ഡാനി കാർവജാലിന് നഷ്ടമാകും.