യൂറോകപ്പ്: ലോക ചാമ്പ്യന്മാർ ഇന്ന് നേർക്കുനേർ : ഫ്രാൻസും സ്പെയിനും സെമിയിൽ  ഏറ്റുമുട്ടും 

മ്യൂണിക്: യൂറോകപ്പ് ഫുട്ബോള്‍ ഫൈനല്‍ ലക്ഷ്യവുമായി മുൻ ചാമ്പ്യന്മാർ നേർക്കുനേർ. നാലാംകിരീടം ലക്ഷ്യമിടുന്ന സ്പെയിനും രണ്ടുവട്ടം കിരീടമുയർത്തിയ ഫ്രാൻസുമാണ് സെമിയില്‍ പോരാടുന്നത്. ചൊവ്വാഴ്ച ഇന്ത്യൻസമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. പരാജയമറിയാതെയാണ് ഇരുടീമുകളും മുന്നേറിയത്. സ്പെയിൻ ക്വാർട്ടറില്‍ ആതിഥേയരായ ജർമനിയെ വീഴ്ത്തി സെമിയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ഫ്രാൻസ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോർച്ചുഗലിനെ മറികടന്നു.

Advertisements

ചാമ്ബ്യൻഷിപ്പില്‍ അഞ്ചുമത്സരങ്ങളും ജയിച്ച ഏകടീമാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്പെയിൻ. അതുകൊണ്ടുതന്നെ സ്പെയിനിനാണ് കളിയില്‍ നേരിയ മുൻതൂക്കം കല്പിക്കപ്പെടുന്നത്. യൂറോ ചരിത്രത്തില്‍ ഇതുവരെ ആരും നേടിയിട്ടില്ലാത്ത തുടരെ ആറുജയം എന്ന റെക്കോഡാണ് ലാ റോജ ടീമിനെ കാത്തിരിക്കുന്നത്. ലൂയിസ് എൻറീക്കെക്കുശേഷം സ്ഥാനമേറ്റ ഫ്യൂന്തെ തന്ത്രങ്ങളില്‍വരുത്തിയ മാറ്റമാണ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍. പന്ത് കൂടുതല്‍ വരുതിയില്‍നിർത്തുന്ന ടിക്കി ടാക്ക ശൈലിയില്‍നിന്ന് ടീം ഏറെമാറി. ജർമനിക്കെതിരേ 48 ശതമാനവും ക്രൊയേഷ്യക്കെതിരേ 47 ശതമാവും മാത്രമായിരുന്നു ടീമിന്റെ പൊസഷൻ. വേഗമേറിയ പാസുകളും മുന്നേറ്റങ്ങളുമാണ് പുതിയ ടീമിന്റെ മുഖമുദ്ര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ മത്സരിച്ച അഞ്ചു യൂറോ സെമികളില്‍ നാലിലും സ്പെയിനിന് ജയിക്കാനായി. കഴിഞ്ഞതവണ ഇറ്റലിയോട് തോറ്റു. 2012-ലാണ് അവസാനമായി യൂറോ കിരീടം ചൂടിയത്. നാലാം ഫൈനലാണ് ദിദിയർ ദെഷോമിന്റെ ഫ്രഞ്ച് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പ് ഫൈനലില്‍ അർജന്റീനയോട് തോറ്റതിനുശേഷം ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. യൂറോയിലും തപ്പിയും തടഞ്ഞുമായിരുന്നു ഫ്രഞ്ച് മുന്നേറ്റം. ഗ്രൂപ്പില്‍ ഓസ്ട്രിയക്കുപിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് രണ്ടാംറൗണ്ടിലെത്തിയത്. പ്രീക്വാർട്ടറില്‍ ബെല്‍ജിയത്തിനെതിരേ വിജയംനേടിയത് സെല്‍ഫ് ഗോളിലാണ്. ഗോള്‍രഹിത സമനിലയ്ക്കുശേഷം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോർച്ചുഗലിനെ മറികടന്നു.

ഗോള്‍വരള്‍ച്ച നേരിടുന്ന ഫ്രാൻസിന് ക്യാപ്റ്റൻ കിലിയൻ എംബാപ്പയുടെ മോശം ഫോം ആശങ്കയുണർത്തുന്നു. പെനാല്‍ട്ടി ഗോളിലും സെല്‍ഫ് ഗോളിലുമാണ് ടീം ഇതുവരെ വിജയംനേടിയത്. എന്നാല്‍, സൂപ്പർ സ്റ്റാർ എംബാപ്പെ ഉള്‍പ്പെടുന്ന മുന്നേറ്റനിര സെമിയില്‍ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് ദെഷോം.

സ്പെയിൻ ടീമില്‍ മൂന്നുമാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. റൈറ്റ് ബാക്ക് ഡാനി കർവാജലും ഡിഫന്റർ റോബിൻ നോർമൻഡും സസ്പെൻഷൻ കാരണം കളിക്കില്ല. നാച്ചോയും ജെസ്യൂസ് നവാസും പകരക്കാരാവും. പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒല്‍മോതന്നെ കളിക്കും. മുൻനിരയില്‍ അല്‍വാരൊ മൊറാട്ടയെ സഹായിക്കാൻ നിക്കോ വില്യംസും ടീനേജ് താരം ലാമിൻ യമാലും ഉണ്ടാവും. ഫ്രഞ്ച് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മിഡ് ഫീല്‍ഡർ അഡ്രിയൻ റാബിയോട്ട് സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തും. എന്നാല്‍, പോർച്ചുഗലിനെതിരേ മികച്ച പ്രകടനം നടത്തിയ എഡ്യുറാഡോ കാമവിംഗയെ മാറ്റി റാബിയോട്ടിന് അവസരം നല്‍കുമോ എന്നത് കാണേണ്ടതാണ്.

സാധ്യതാ ടീം

സ്പെയിൻ: സിമൊണ്‍, നവാസ്, നാച്ചൊ, ലപോർട്ടെ, കുകുറെല്ല, ഒല്‍മോ, റോഡ്രി, ഫാബിയൻ റിയൂസ്, യമാല്‍, മൊറാറ്റ, വില്യംസ്.

ഫ്രാൻസ്: മെയ്ഗ്നൻ, കുണ്ടെ, സാലിബ, ഉപാമെകാനൊ, ഹെർണാണ്ടസ്, കാന്റെ, ചൗമേനി, കാമവിംഗ, ഗ്രീസ്മാൻ, കോളോ മുവാനി, എംബാപ്പെ.

Hot Topics

Related Articles