ബെര്‍ലിന്‍: 2024 യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ നിന്ന് വിജയിച്ച എട്ടു ടീമുകളാണ് ക്വാര്‍ട്ടറില്‍ പോരടിക്കുന്നത്. വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കരുത്തരായ സ്പെയിനും ആതിഥേയരായ ജര്‍മനിയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ മത്സരം. വെള്ളിയാഴ്ച രാത്രി 9.30 നാണ് മത്സരം. മൂന്ന് കളിയിൽ രണ്ട് വിജയവും ഒരു സമനിലയുമായാണ് ജർമനി ഗ്രൂപ്പ് ഘട്ടം എ കടന്നത്. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് സ്പെയിൻ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് എത്തുന്നത്. പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജർമ്മനി വരുന്നത്. ജോർജിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് സ്പെയിൻ ഇറങ്ങുന്നത്.
രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ്. വെള്ളിയാഴ്ച രാത്രി 12.30 നാണ് മത്സരം. ഈ രണ്ടു മത്സരങ്ങളിലേയും ജേതാക്കളാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എഫിൽ നിന്നും മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയുമായാണ് ക്രിസ്റ്റ്യാനോയും സംഘവും പ്രീ ക്വാർട്ടർ പോരാട്ടത്തിന് എത്തിയിരുന്നത്. മൂന്ന് കളിയിൽ ഒരു വിജയവും രണ്ട് സമനിലയുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാമനായാണ് ഫ്രാൻസ് എത്തുന്നത്. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ടൗട്ടിലും ഫ്രാൻസ് ബെൽജിയത്തെ ഒരു ഗോളിനും തോൽപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വാര്‍ട്ടറിലെ മൂന്നാം മത്സരം നെതര്‍ലാൻഡും തുർക്കിയും തമ്മിലാണ്. ഗ്രൂപ്പ് ഡിയിൽ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരായാണ് നെതർലാൻഡ് പ്രീ ക്വാർട്ടറിനെത്തിയത്. പ്രീ ക്വാർട്ടറിൽ റൊമാനിയയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഗ്രൂപ്പ് എഫിൽ നിന്നും രണ്ടാമനായാണ് തുർക്കിയുടെ വരവ്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. അവസാന ക്വാർട്ടർ ഫൈനൽ മത്സരം ഇംഗ്ലണ്ടും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലാണ്. ശനിയാഴ്ച രാത്രിയാണ് ഈ മത്സരങ്ങള്‍. വിജയികള്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.