ഹിമാലയത്തിലേക്ക് ഒരു യാത്ര ഇഷ്ടപ്പെടാത്തതായി ആരാണ് ഉള്ളത്. പക്ഷേ, ഇഷ്ടം ഇഷ്ടമായി കൊണ്ട് നടക്കാനാണ് പലര്‍ക്കും താത്പര്യം. എന്നാല്‍, ഏവറസ്റ്റ് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത നാലാം വയസില്‍, ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയിരിക്കുകയാണ് ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള സാറ സിഫ്ര. അങ്ങനെ ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി സാറ മാറി. അച്ഛന് ഡേവിഡ് സിഫ്രയ്ക്കും ഏഴ് വയസുള്ള സഹോദരന് ഡേവിഡ് സിഫ്രയ്ക്കുമൊപ്പമാണ് സാറ ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്. ഇതിന് മുമ്പ് ഇവിടെ എത്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ കഴിഞ്ഞ വര്‍ഷം എത്തിയ പ്രീഷ ലോകേഷായിരുന്നു. ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തുമ്പോള്‍ പ്രീഷയ്ക്ക് പ്രായം അഞ്ച് വയസ്.
ഏവറസ്റ്റിലേക്കുള്ള യാത്രയില്‍ രണ്ട് ബേസ് ക്യാമ്പുകളാണ് ഉള്ളത്. ഒന്ന് നേപ്പാളിലും മറ്റൊന്ന് ടിബറ്റിലും. ഏവറസ്റ്റിലേക്കുള്ള യാത്രയുടെ ആരംഭവും ഇവിടമാണ്. സമുദ്രനിരപ്പില്‍ നിന്നും 5000 മീറ്റര്‍ ഉയരത്തിലാണ് രണ്ട് ബേസ് ക്യാമ്പുകളുമുള്ളത്. ബേസ് ക്യാമ്പിൽ നിന്ന് വീണ്ടും 3500 മീറ്റര്‍ ഉയരത്തിലാണ് ഏവറസ്റ്റ് കൊടുമുടി. 8,848.86 മീറ്ററാണ് കൊടുമുടിയുടെ മൊത്തം ഉയരം. ഇതിന് മുമ്പും കുട്ടികള്‍ ഏവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. ജോര്‍ദന്‍ റൊമീറോ, മാലാവത് പൂര്‍ണ എന്നീ കുട്ടികള്‍ ഏവറസ്റ്റ് കീഴടക്കുമ്പോള്‍ വെറും 13 -ാം വയസായിരുന്നു പ്രായം. ഏവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളും ഇവരാണ്. ജോര്‍ദന്‍ റൊമീറോ അമേരിക്കയില്‍ നിന്നായിരുന്നെങ്കില്‍ മാലാവത് പൂര്‍ണ ഇന്ത്യയില്‍ നിന്നുമാണ് ഏവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തകാലത്തായി ഏവറസ്റ്റില്‍ കാലാവസ്ഥാ വ്യതിയാനം ദൃശ്യമാണെന്നും ഏവറസ്റ്റിലെ മഞ്ഞ് ഉരുക്കം വേഗത്തിലാണെന്നും വര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഒപ്പം ഏവറസ്റ്റില്‍ പര്‍വ്വതാരോഹകര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദരും മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസങ്ങളില്‍ ഏവറസ്റ്റ് കൊടുമുടിയിലേക്കുളള ഒറ്റയടി നടപ്പാതയില്‍ ട്രാഫിക്ക് ബ്ലോക്ക് രൂപപ്പെട്ടു എന്നതരത്തില്‍ തിരക്കേറിയ ഏവറസ്റ്റ് റൂട്ടിന്റെ ചിത്രങ്ങളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.