തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സര്‍വീസ് വഴി കടത്തി കൊണ്ട് വന്നു വിതരണക്കാര്‍ക്ക് സ്കൂട്ടറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാറശ്ശാല കറുകുറ്റിക്ക് സമീപത്തു വച്ചു 13.5 kg കഞ്ചാവുമായി നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി അഭയനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് പിടിയിലായത്. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞു കൊണ്ട് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെ കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നും കഞ്ചാവ് മാറ്റാരുടെയെങ്കിലും മേല്‍വിലാസത്തിലേക്കു അവരുടെ അറിവില്ലാതെ കൊറിയറായി അയച്ച ശേഷം ആ മേല്‍വിലാസക്കാരന്റെ ആളാണെന്ന വ്യാജേന കൊറിയര്‍ സര്‍വീസുകാരെ സമീപിച്ചു കൊറിയര്‍ കൈപ്പറ്റുകയെന്ന പുതിയ മാര്‍ഗമാണ് ഈ സംഘം അവലംബിച്ചിരിക്കുന്നത്.