മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് പ്രേമലു. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിയറ്ററുകളില്‍ പൊട്ടിച്ചിരി സൃഷ്ടിക്കുന്നതില്‍ ഈ റൊമാന്റിക് കോമഡി ചിത്രം വിജയിച്ചതോടെ ആദ്യ വാരാന്ത്യം മുതല്‍ വന്‍ കളക്ഷനാണ് ചിത്രം നേടുന്നത്.
ദിവസങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ ഭ്രമയുഗമെത്തി വന്‍ അഭിപ്രായം നേടിയിട്ടും പ്രേമലു ബോക്സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കുതിപ്പ് തുടരുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഭാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ചുള്ള ഒരു പ്രചരണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപകാല മലയാള സിനിമകളെയൊക്കെ പോലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടുമായി ആയിരുന്നു പ്രേമലുവിന്റെ റിലീസ്. എന്നാല്‍ കേരളത്തിന് പുറത്ത് എല്ലാ സെന്ററുകളിലും ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ ലഭ്യമല്ലെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നതായി ഫഹദ് അറിയിക്കുന്നു. അത് വാസ്തവമല്ലെന്നും.
“കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിന് കടകവിരുദ്ധമായ പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്നേഹത്തിന് നന്ദി. ചിത്രം തിയറ്ററില്‍ തന്നെ അനുഭവിക്കാന്‍ മറക്കേണ്ട”, ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്ലെനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സ് ഓഫീസില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് കരുതപ്പെടുന്നത്.