കൊച്ചി : കല്യാണങ്ങൾ ആർഭാടങ്ങളുടെ ആഘോഷമായി മാറുന്ന നാട്ടിൽ കേവലം ചുരുങ്ങിയ രീതിയിലെങ്കിലും മകളുടെ കല്യാണം നടത്താൻ പാടുപെടുന്ന ഒരു കുടുംബത്തിന് കൈത്താങ്ങായി കാത്തുകത്തൊരു കല്യാണം സിനിമയുടെ അണിയറ പ്രവർത്തകരെത്തി. ആർഭാടങ്ങൾ വേണ്ടെന്ന് വച്ചാലും ആവശ്യങ്ങൾ വേണ്ടെന്നു വയ്ക്കാനാവില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മകളുടെ കല്യാണത്തിന് തുക കണ്ടെത്താനാവാതെ നിന്ന കുടുംബത്തെ അവർ ചേർത്ത് നിർത്തി, തങ്ങൾ ഒപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിൽ ഒരു നിശിചിത തുക അവർക്കു കൈമാറി. ആരുമില്ലെന്ന തോന്നലിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിന് ധന സഹായവുമായെത്തിയ കാത്തുകാത്തൊരു കല്യാണം ടീമിനെ ദൈവത്തെ പോലെ കാണുന്നു എന്ന് പെൺ കുട്ടിയുടെ അമ്മ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ആ കണ്ഠം ഇടറുന്നുണ്ടയിരുന്നു. ചെറുകര ഫിലിംസിൻറെ ബാനറിൽ മനോജ് ചെറുകര നിർമ്മാണവും, ജയിൻ ക്രിസ്റ്റഫർ സംവിധാനവും ചെയ്യുന്ന സിനിമയാണ് കാത്തുകാത്തൊരു കല്യാണം. തികച്ചും ഗ്രാമീണത തുളുമ്പുന്ന പശ്ചാത്തലത്തിൽ, വിവാഹവുമായി ബദ്ധപ്പെട്ടൊരുങ്ങിയ ചിത്രത്തിൻറെ ഷൂട്ടിങ് ചെങ്ങന്നൂർ കല്ലുശ്ശേരി, ഓതറ, ഭാഗങ്ങളിൽ വച്ചാണ് നടന്നത്. സ്വാഭാവികമായും സിനിമയുടെ വിജയത്തിനായി ആ സ്ഥലങ്ങളിൽ പരസ്യബോഡുകൾ സ്ഥാപിക്കുക പതിവാണ്. എന്നാൽ അത്തരം പതിവ് രീതികളിൽ നിന്നൊക്കെ വ്യതസ്തമായാണ് അർഹതപ്പെട്ട ഒരു നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി അവർ എത്തിയത്. പെൺ കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ നിർമ്മാതാവ് മനോജ് ചെറുകരയും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് കൈമാറി. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരം ഒരു സൽപ്രവർത്തി. കൂടാതെ ഡിസംബർ പതിനഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന കാത്തുകാത്തൊരു കല്യാണം എന്ന സിനിമ കാണാൻ എടുക്കുന്ന ഓരോ ടിക്കറ്റിന്റേയും 10 ശതമാനം തുക തുടർന്നും ഇത്തരം സൽപ്രവർത്തികൾക്കായി വിനിയോഗിക്കും എന്ന് നിർമ്മാതാവ് മനോജ് ചെറുകര പറഞ്ഞു. ഒരു ചെറിയ സിനിമയ്ക്കും, അതിൻറെ അണിയറ പ്രവർത്തകർക്കും ഇത്രയൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ വലിയ താരമൂല്യമുള്ള സിനിമകൾക്കും അതിൻറെ അണിയറ പ്രവർത്തകർക്കും ഇത് പോലെ ദുരിതമനുഭവിക്കുന്ന നിരവധി പേരെ സഹായിക്കാൻ സാധിക്കും എന്ന വലിയൊരു മാതൃകയാണ് ഈ പ്രവർത്തിയിലൂടെ കാത്തുകാത്തൊരു കല്യാണം ടീം സമൂഹത്തിനു നൽകുന്നത്.