ദുബായ് : ന്യൂസിലാൻഡ് ക്രിക്കറ്റ് കുറച്ച് നാളുകളായി ഭാഗ്യദോഷത്തിന്റെ നെറുകയിലാണ്. തുടർച്ചയായ രണ്ട് ലോകകപ്പുകൾ വിജയം അടുത്തെത്തിയിട്ടും കൈപ്പിടിയിലൊതുക്കുവാൻ കഴിയാതെ പിന്മടക്കം. ഏകദിന ലോകകപ്പിൽ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയമേറ്റ് വാങ്ങി നിരാശയോടെ മടങ്ങിയ കിവികൾക്ക് ടി20 യും വേദനകൾ നിറഞ്ഞതായി.
കെയ്ൻ വില്യംസൺ എന്ന ലോകോത്തര ക്രിക്കറ്ററുടെ വിധിയില്ലായ്മ ദുബായിലും കാണികൾക്ക് ദുഃഖ കഥയായി.മുന്നിൽ നിന്ന് നയിച്ചിട്ടും ടീമിന് കപ്പ് നേടിക്കൊടുക്കുവാൻ കഴിയാതെ ക്രിക്കറ്റ് ലോകത്തെ ജെന്റിൽമാൻ നിസ്സഹായനായി. 48 പന്തിൽ 85 റൺസുമായി ഒറ്റയ്ക്ക് ടീമിനെ ചുരമിലേറ്റിയ ക്യാപ്റ്റന്റെ ഇന്നിംഗ്സ് ഇത്തവണയും വിഫലമാകുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഏകദിന ലോകകപ്പിലും വിധി മറിച്ചായിരുന്നില്ല. ആദ്യ കിരീടമെന്ന കിവികളുടെ സ്വപ്നം അന്ന് തട്ടി അകറ്റിയത് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് ആയിരുന്നു.എന്നാൽ ഇന്നലെ ആ ദൗത്യം മിച്ചൽ മാർഷും , ഡേവിഡ് വാർണറും ഏറ്റെടുത്തു. പതിയെ ഇന്നിംഗ്സ് തുടങ്ങിയ കെയ്ൻ പിന്നീട് ഉഗ്ര രൂപം പ്രാപിക്കുന്ന കാഴ്ച്ച ടി20 ലോകകപ്പ് ഫൈനൽ സാക്ഷ്യം വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസീസ് ബോളർമാരെ നിലം തൊടാതെ തലങ്ങും വിലങ്ങും പ്രഹരിച്ച ക്യാപ്റ്റൻ ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചു. എന്നാൽ മറുപടി ബാറ്റിങ്ങിൽ പേര് കേട്ട ന്യൂസിലാൻഡ് ബോളർമാർക്ക് മേൽ സമഗ്രാധിപത്യം നേടിയ ഓസീസ് ബാറ്റർമാർ വിജയം കൈപ്പിടിയിലൊതുക്കി. കുട്ടി ക്രിക്കറ്റിൽ ഫൈനൽ വിജയം കൊതിച്ചിറങ്ങിയ കിവികൾ തോറ്റു മടങ്ങുമ്പോൾ യഥാർത്ഥത്തിൽ തോറ്റ് പോയത് കളിക്കളത്തിൽ എന്നും ശാന്തത കൈവിടാതെ ടീമിനെ മുന്നിൽ നിന്ന് നയിച്ച വില്യംസനാണ്.