കൽപ്പറ്റ: മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്കി വയനാട് സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ് രതീഷ്മോൻ(37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. യുവതിയില്‍ നിന്നും 85,000 രൂപയാണ് ഇയാള്‍ തട്ടിയത്.
ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ മാട്രിമോണി സൈറ്റില്‍ കയറിയത്. വ്യാജ പ്രൊഫൈല്‍ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്സ്ആപ്പ് വഴിയും ബന്ധപ്പെട്ടു. പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഇവരെ വിശ്വസിപ്പിച്ച് രതീഷ് യുവതിയുമായി ബന്ധം തുടർന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍ നിന്നും ഓണ്‍ലൈൻ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് കൈക്കലാക്കി. പിന്നീട് സംശയം തോന്നി വിവരങ്ങള്‍ ചോദിച്ചതോടെ ഇയാള്‍ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023- ല്‍ എറണാകുളം ഹില്‍ പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതി ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർ പി.കെ നജീബ്, സിവില്‍ പൊലീസ് ഓഫീസർമാരായ സി. വിനീഷ, പി.പി. പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.