ബെർലിൻ : ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് സീറ്റ് എഡ്ജ് ത്രില്ലര്‍ സൃഷ്ടിച്ച സെമിപോരാട്ടത്തിനൊടുവില് കിലിയന്‍ എംബാപ്പെയെയും സംഘത്തെയും തുരത്തി സ്പാനിഷ് യുവനിര.ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്താണ് സ്പെയിന് 2024 യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നത്.
മ്യൂണിക്കിലെ അലിയന്‍സ് അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പറന്നത്. ഒമ്ബതാം മിനിറ്റില്‍ റണ്ടാല്‍ കോളോ മ്യൂയാനി നേടിയ ഗോളില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു സ്പെയിന്റെ തിരിച്ചുവരവ്. 21-ാം മിനിറ്റില്‍ ലാമിന് യമാലും 25-ാം മിനിറ്റില്‍ ഡാനി ഓല്‍മോയും നേടിയ ഗോളുകള്‍ ഫ്രാന്‍സിന്റെ വായടപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തകര്‍പ്പന്‍ ജയത്തോടെ തങ്ങളുടെ അഞ്ചാം ഫൈനലിലേക്കാണ് സ്പെയിന് മുന്നേറിയത്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ മുന്നേറുന്ന സ്പാനിഷ് ടീമിന്റെ തുടര്‍ച്ചയായ ആറാം ജയം കൂടിയാണിത്. യൂറോ ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു ജയം നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ ലാ റോഹകളുടെ പേരിലായി.
ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത ടീമില്‍ നിന്നു മൂന്നു മാറ്റങ്ങളുമായാണ് സ്പെയിന് ഇറങ്ങിയത്. സസ്പെന്‍ഷനിലായ ഡാനി കാര്‍വഹാലും റോബിന് നോര്‍മന്‍ഡും പരുക്കേറ്റ പെഡ്രിയും പുറത്തിരുന്നപ്പോള്‍ പകരം ജെസ്യൂസ് നവാസ്, നാച്ചോ, ഡാനി ഓല്‍മോ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.
പതിവുപോലെ ആക്രമിച്ചുകളിച്ചു തന്നെ സ്പെയിന് തുടങ്ങിയെങ്കിലും കളിയുടെ ഗതിക്കു വിപരീതമായി ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. സ്പെയിന് തുടരെ രണ്ട് അവസരങ്ങള്‍ തുലച്ചതിനു പിന്നാലെ കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. എംബാപ്പെയുടെ ക്രോസില്‍ നിന്ന് മ്യുയാനി ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റില്‍ ഓപ്പണ്‍ പ്ലേയില്‍ നിന്ന് ഫ്രാന്‍സ് നേടുന്ന ആദ്യ ഗോള്‍ കൂടിയായി ഇത്.
ഗോള്‍വീണതോടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് സ്പെയിന് ചെയ്തത്. അധികം വൈകാതെ തന്നെ അവര്‍ സമനില നേടുകയും ചെയ്തു. 21-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനു തൊട്ടുപുറത്തുനിന്ന് മൂന്നു ഫ്രഞ്ച് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ യമാല്‍ തൊടുത്ത ഷോട്ട് പോസ്റ്റില്‍ ഉരുമ്മി വലയില്‍ക്കയറുകയായിരുന്നു. ഈ ഗോളോടെ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോറര്‍ എന്ന റെക്കോഡും പതിനാറുകാരനായ യമാലിന്റെ പേരിലായി.
സമനില നേടി നാലു മിനിറ്റിനകം സ്പെയിന് വിജയഗോളും കണ്ടെത്തി. നവാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. വീണുകിട്ടിയ പന്ത് പിടിച്ചെടുത്ത് ഓല്‍മോ തൊടുത്ത ഷോട്ട് ഫ്രഞ്ച് താരം യൂള്‍സ് കോണ്ടെയുടെ കാലില്‍ തട്ടി വലയില്‍ക്കയറുകയായിരുന്നു.
ആദ്യപകുതി 2-1 എന്ന നിലയില്‍ അവസാനിച്ച ശേഷം രണ്ടാം പകുതി ഏറെ ആവേശകരമായി. ഗോള്‍ തിരിച്ചടിക്കാന്‍ ഫ്രാന്‍സും ലീഡ് ഉയര്‍ത്താന്‍ സ്പെയിനും കിണഞ്ഞുപൊരുതിയതോടെ പന്ത് ഇരുബോക്സുകളിലേക്കും യഥേഷ്ടം കയറിയിറങ്ങി. എന്നാല്‍ സ്കോര്‍ നില മാത്രം മാറിയില്ല. ഇന്ന് രാത്രി നടക്കുന്ന നെതര്‍ലന്‍ഡ്സ്-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെയാണ് സ്പെയിന് ഫൈനലില്‍ നേരിടുക.