തൃശൂർ : മാർച്ച് 3-9 തീയതികളിൽ നടന്ന പതിനെട്ടാമത് തൃശൂർ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ നവാഗത സംവിധായകനുള്ള കെ ഡബ്ലിയു ജോസഫ് ദേശീയ പുരസ്കാരം ഭൂമിയുടെ ഉപ്പ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത പ്രശസ്ത സിനിമറ്റോഗ്രാഫർ സണ്ണി ജോസഫിനു ലഭിച്ചു. കേരളത്തിലെ ആദ്യത്തെ ഫിലിം പ്രൊജക്ഷനിസ്റ്റ് കെ വാറുണ്ണി ജോസഫിൻറെ ഓർമ്മക്കായി ഏർപ്പെടുത്തിയതാണ് ശിൽപവും ഒരു ലക്ഷം രൂപയും അടങ്ങുന്ന ഈ പുരസ്കാരം.
ചലച്ചിത്ര സംവിധായകൻ ഡോ ബിജു ചെയർമാനും ചലച്ചിത്രനിരൂപകനും ഫിപ്രസി (ഇന്ത്യ ചാപ്റ്റർ) ജനറൽ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജൂംദാർ, ചലച്ചിത്ര നിരൂപകൻ എം സി രാജനാരായണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൺമൂൺ ഫിലിംസ് ബാനറിൽ സണ്ണി ജോസഫ് കിഷോർ കുമാറുമായി (ട്രിവാൻഡ്രം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫോട്ടോഗ്രാഫി) ചേർന്ന് നിർമ്മിച്ച ഈ സിനിമ അന്ധമായ വിശ്വാസം ഒരാളെ എങ്ങനെ ദൈവത്തിൽനിന്നും അകറ്റുന്നുവെന്നും ദൈവം എന്തുകൊണ്ട് നിശ്ശബ്ദനായിരിക്കുന്നു എന്നുമുള്ള അന്വേഷണമാണ്.
ബുദ്ധദേവ് ദാസ് ഗുപ്ത (ജനാല, ആമി യാസിൻ അർ അമർ മധുബാല), അരിബാം ശ്യാം ശർമ്മ (സനാബി), എം ടി വാസുദേവൻ നായർ (ഒരു ചെറുപുഞ്ചിരി), അരവിന്ദൻ (ഉണ്ണി, വാസ്തുഹാര), അടൂർ ഗോപാലകൃഷ്ണൻ (നിഴൽക്കൂത്ത്), മോഹൻ (തീർത്ഥം, അങ്ങനെ ഒരു അവധിക്കാലത്ത്), ഷാജി എൻ കരുൺ (പിറവി), ടി വി ചന്ദ്രൻ (ആലീസിന്റെ അന്വേഷണം, മങ്കമ്മ), ജയരാജ് (ദൈവനാമത്തിൽ), വേണു (ദയ) അടക്കം പ്രശസ്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾക്ക് ഛായാഗ്രാഹകനായി പ്രവർത്തിച്ച സണ്ണി ജോസഫ് സംവിധാനം ചെയ്ത ആദ്യചിതമാണ് ഭൂമിയുടെ ഉപ്പ്.
കഥ, തിരക്കഥ, ഗാനരചന ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ക്യാമറ അർജുൻ, സൗവിക്ക്, അനിൽ. സൗണ്ട് ഡിസൈൻ ടി കൃഷ്ണനുണ്ണി. സംഗീതം അബൂട്ടി മാഷ്. ഐസക് തോമസ് കൊട്ടുകാപ്പള്ളി പശ്ചാത്തലസംഗീതം നൽകിയ അവസാനചിത്രമാണ്. മിഥുൻ, അരോഷിക, ഗംഗാധരൻ മേനോൻ, രഘുത്തമൻ, ശ്രീനിവാസ്, ശൈലജ പി അമ്പു, ജയ്ദീപ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
കൽക്കട്ട, ജാഫ്‌ന, ഔറംഗബാദ്, തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം മാർച്ചിൽ നേപ്പാൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലും ഏപ്രിലിൽ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരേതര വിഭാഗത്തിലും പ്രദർശിപ്പിക്കുന്നു.